Skip to main content

തൊടുപുഴ നഗരസഭക്ക് മിച്ച ബജറ്റ് നഗരസഭാ ആസ്ഥാന മന്ദിരത്തിന് ഒരു കോടി നഗരവികസനം, കൃഷി, കായികം, ടൂറിസം എന്നിവക്ക് മുന്‍ഗണന

തൊടുപുഴ നഗരസഭയിലെ 2021- 2022 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭാ ഉപാധ്യക്ഷ ജെസ്സി ജോണി അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.
 വര്‍ഷാരംഭത്തിലെ മുന്നിരിപ്പ് 7729633 രൂപയും തന്നാണ്ട് വരവ് 535377400 രൂപയുംഉള്‍പ്പെടെ543107033 രൂപ ആകെ വരവും 535710080 രൂപ ചെലവും 7396953 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് പാസാക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ച തിങ്കളാഴ്ച്ച നടക്കും. നഗരസഭയ്ക്ക് ആധുനിക ഓഫീസ് കെട്ടിടം പണിയുന്നതിന് ബജറ്റില്‍ ഒരുകോടി പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നിലവിലെ ലോറി സ്റ്റാന്‍ഡില്‍ വിപുലമായ പാര്‍ക്കിങ്ങ് സൗകര്യത്തോടെ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സാണ് പണിയുക.. ഗാന്ധി സ്‌ക്വയറിലുള്ള പഴയ ഷോപ്പിങ് കോംപ്ലക്സ് പുതുക്കി പണിയുന്നതിനായി പത്ത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സ്റ്റേഡിയം പണിയുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക് കായിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ ജിം ആരംഭിക്കുന്നതിന് മൂന്നുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

സ്വന്തമായി സ്ഥലവും വീടും ഉള്ള കോളനികളിലെ കുടുംബങ്ങളുടെ ജീവിത നിലവാരംഉയര്‍ത്തുന്നതിന്റെ ഭാഗമായി കോളനിയിലെ വീടുകള്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി അവരെ പ്രാപ്തരാക്കുന്നതിനായി ഫീനിക്സ് എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
 ഇതിനായി 25 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.ടൂറിസം സാധ്യത പരമാവധി ഉപയോഗപ്പെടുത്തി വിനോദ സഞ്ചാരികളുടെ സാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ട് തനത് വരുമാനം വര്‍ധിപ്പിക്കാനും പ്രാദേശിക തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട.് ഇതിനായി ജഡായു പാര്‍ക്കിന്റെ രീതിയില്‍ ഉറവപ്പാറയെ പുനരാവിഷ്‌കരിക്കുകയും നഗരത്തിലെ പാര്‍ക്കില്‍ നിന്നും ഉറപ്പാറയിലേക്ക് റോപ് വേ നിര്‍മ്മിക്കുക, തൊടുപുഴ - മലങ്കര ബോട്ട് സര്‍വീസ്, കണ്ടക്ടഡ് ടൂര്‍ എന്നിവയ്ക്കായി ഇന്റഗ്രേറ്റഡ് പ്രോജക്ട് തയ്യാറാക്കണമെന്ന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായുള്ള ഉറവപ്പാറ ടൂറിസം പദ്ധതിക്കായി ഒരു കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.നഗരത്തില്‍ വന്ന് പോകുന്നവര്‍ക്കും യാചകര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പാഥേയം പദ്ധതിക്ക് മൂന്നു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ വകയിരുത്തിയിട്ടുണ്ട്.

  സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി വികേന്ദ്രീകൃതമായി നടപ്പാക്കുക എന്ന നയമാണ് നഗരസഭയ്ക്കുള്ളത്. ഇതിന്റെ ഭാഗമായി ജൈവമാലിന്യങ്ങള്‍ വീട്ടുകാര്‍ സംസ്‌കരിക്കണം. അതിനാവശ്യമായ വ്യത്യസ്ത ഉപകരണങ്ങളില്‍ ഒന്ന് സ്വയം സ്ഥാപിക്കണം. ആവശ്യമായ ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ നഗരസഭ ലഭ്യമാക്കുന്നതാണ്.
 അജൈവ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും. ഈ പദ്ധതി സമയം സമയബന്ധിതമായി സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിനായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.തൊടുപുഴയാര്‍ മലിനമാകാതെ സംരക്ഷിക്കുന്നതിനും മനോഹരമായ ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നതിനും ജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ട്. നഗരസഭാ പരിധിയില്‍ പുഴയുടെ ഇരുകരകളിലും നടപ്പാത നിര്‍മ്മിക്കുന്ന പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെച്ചു.

 തൊടുപുഴ പാര്‍ക്ക് കുറ്റമറ്റ രീതിയില്‍ സംരക്ഷിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.പാര്‍ക്കിനുള്ളില്‍ ആര്‍ക്കും വിനോദ പരിപാടികള്‍ നടത്തുന്നതിന് ആംഫി തീയറ്റര്‍ ഒരുക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.തൊടുപുഴ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യുപി സ്‌കൂളില്‍അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കേറ്റിംങ് മത്സരം നടത്തുന്നതിനായി നിലവിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി കിഫ്ബി ഫണ്ട് വഴി ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
  നഗരസഭാ മന്ദിരത്തില്‍ ഒരുക്കി വരുന്ന മിനി ഹാള്‍ വെബ് കോണ്‍ഫറന്‍സ് നടത്തുന്നതിനുള്ള വെര്‍ച്വല്‍ ക്ലാസ് റൂം സംവിധാനത്തിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് നീന്തല്‍ പ@ിക്കുന്നതിനുള്ള പരിശീലനകേന്ദ്രം, സായാഹ്ന വിശ്രമകേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
 നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് സന്തോഷകരമായ നഗരജീവിതം ലഭ്യമാക്കുന്നതിനായി നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, തണല്‍മരങ്ങള്‍, ഫാന്‍സി ലൈറ്റുകള്‍, വൃത്തിയുള്ള റോഡുകള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി നഗര സൗന്ദര്യ വല്‍ക്കരണത്തിന് ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയില്‍ അമ്പലം ബൈപാസ് റോഡ് മാതൃകാ റോഡായി സംരക്ഷിക്കും. നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ തുടക്കത്തിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത.്

എല്ലാത്തരം പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ച് നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരംതിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെനഗര-ഗ്രാമ വ്യത്യാസമില്ലാതെ പതിനായിരത്തിലേറെ വരുന്ന ഭവനങ്ങളിലും ഹരിതവേദി എന്നപേരില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സിലെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തുടങ്ങിയ ആധുനിക കംഫര്‍ട്ട് സ്റ്റേഷന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രത്യേക പ്രഖ്യാപനവുംനിര്‍ദേശവും ബജറ്റിലുണ്ട്.
കാരിക്കോട് അണ്ണാമല നാഥര്‍ ക്ഷേത്രവും കാരിക്കോട് ഭഗവതി ക്ഷേത്രവും ഉള്‍പ്പെട്ട കാരിക്കോടിനെ വടക്കുംകൂര്‍ സാംസ്‌കാരിക ഭൂമിക (വടക്കുംകൂര്‍ ഹെറിറ്റേജ് സ്‌ക്വയര്‍) എന്ന പേരില്‍ ചരിത്ര സ്മാരകമാക്കുന്നതിനായി സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്നുള്ള പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

നഗരസഭാ പരിധിയിലെ അങ്കണവാടികളെ ഹൈടെക് സൗകര്യങ്ങളോടെ പുനരാവിഷ്‌കരിക്കുന്നതിനായി ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.വിദഗ്ധ സമിതികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ നഗരത്തിലെ ഹോട്ടലുകള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം ഒരുക്കുന്നതിനായി അമ്പതിനായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

 കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിറ്റഴിക്കാന്‍ സംവിധാനം ഒരുക്കുന്ന സണ്‍ഡേ മാര്‍ക്കറ്റിന്റെ സാധ്യതാ പഠനത്തിനായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 211 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനും സ്ഥലമേറ്റെടുപ്പിന്റെ പ്രാഥമിക ചെലവുകള്‍ക്കുമായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അപ്രതീക്ഷിത ചികിത്സാ ചെലവ് മൂലമുള്ള ബാധ്യത കുറയ്ക്കുന്നതിനായി നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷ എന്ന പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത.്പാറക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തെ എഫ്.എച്ച്.സിയാക്കി പരിവര്‍ത്തനം ചെയ്യുന്ന പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തി.പെന്‍ഷന്‍ സംബന്ധിച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുന്നതിനായി നഗരസഭാ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് ചെലവിലേക്കായി ബജറ്റില്‍ ഒരു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
 

date