പ്രാഥമിക വിദ്യാലയങ്ങള്‍ ഒരു ഗ്രാമത്തിന്റെ ഹൃദയം - മന്ത്രി സി രവീന്ദ്രനാഥ്
പ്രാഥമിക വിദ്യാലയങ്ങള്‍ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. വലിയപറമ്പ് രാമവിലാസം ലോവര്‍ പ്രൈമറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വരും തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും പ്രാഥമിക വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഒരു സമൂഹത്തിനെ കെട്ടിപ്പെടുക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ എത്താത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പല സ്‌കൂളുകളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരുന്നു. എന്നാല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ളതല്ല ജനകീയമായി വളര്‍ത്താന്‍ ഉള്ളവയാണ്. ഇതുതന്നെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യവും. പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരുന്ന കൊഴിഞ്ഞുപോക്കിന്റെ സമയം കഴിഞ്ഞിരിക്കുന്നു. കോവിഡിന്റെ സമയത്ത് എല്ലാ സ്‌കൂളുകളും പൂട്ടി കിടന്നപ്പോഴും ഡിജിറ്റല്‍ പഠനത്തിലൂടെ ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ നമുക്ക് കഴിഞ്ഞു.
സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിയുന്നു.ഇത് പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പഠിക്കുവാനുള്ള ആശയമാണ്. ഇതുതന്നെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
1929 ലാണ് കുരുവിലശ്ശേരി രാമവിലാസം എല്‍ പി സ്‌കൂള്‍ സ്ഥാപിതമാകുന്നത്. വലിയപറമ്പ് സെന്ററില്‍ രണ്ട് ഏക്കര്‍ വരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മാള പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്,പതിമൂന്ന് വാര്‍ഡുകളിലെ ഏക പൊതുവിദ്യാലയമാണ് കുരുവിലശ്ശേരി എല്‍പി സ്‌കൂള്‍.
വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്‍, വാര്‍ഡ് മെമ്പര്‍ സിനി ബെന്നി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹി പി കെ രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments