Skip to main content

ശുചിത്വ മാലിന്യ സംസ്‌കരണപ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി എ.സി.മൊയ്തീൻ

*202 തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി ശുചിത്വപദവി
*50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികൾ പൂർത്തിയായി

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ ജനകീയ വിദ്യാഭ്യാസ ബോധവൽക്കരണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാൻ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ലെന്നും  അതുമൂല്യമുള്ളതാണെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ 202 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവും 50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികൾ ഉൾപ്പെടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷൻ, അയ്യങ്കാളിതൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവർത്തനമായാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പുറമെ 202 സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവി കൈവരിച്ചത്.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വ്യത്യസ്തമായ പ്രവർത്തനങ്ങൾ  നടപ്പാക്കാനായെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.രേണുരാജ്, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, ക്ലീൻ കേരള കമ്പനി ഡയറക്ടർ പി.കേശവൻ നായർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ, ഗ്രാമവികസന കമ്മീഷണർ വി.ആർ.വിനോദ്, കുടുംബശ്രീ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ഡോ. ദിവ്യഎസ്.അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1048/2021

date