പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസ് കെട്ടിടം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ അഞ്ചു വർഷക്കാലമായി വനംവകുപ്പിൻ്റെ പ്രവർത്തനം ജനകീയമായി മുന്നോട്ടു പോവുകയാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക കൃത്യം നിർവ്വഹിക്കുന്നതിന് ഉതകുന്ന രീതിയിൽ ആധുനിക സൗകര്യത്തോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.
വനമേഖലയിൽ വനത്തോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും വന്യജീവി സംഘർഷവും പരമാവധി ലഘൂകരിക്കുന്നതിന് ഗവൺമെൻ്റ് കഴിയാവുന്നത്ര കാര്യങ്ങൾ ചെയ്തു വരികയാണ്. ഇതിൻ്റെ ഭാഗമായി ചിലയിടങ്ങളിൽ ആന വേലിയടക്കമുള്ള വിവിധ പ്രതിരോധ പ്രവർത്തനങ്ങളാണ് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് കിട്ടിക്കൊണ്ടിരുന്ന നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചാണ് വിതരണം ചെയ്യുന്നത്. നിലവിലുള്ള പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും വന അദാലത്ത് സംഘടിപ്പിച്ചു. ആയിരക്കണക്കിന് പരാതികൾക്ക് പരിഹാരം കാണാനായി.
താൽക്കാലിക വാച്ചർമാർക്കടക്കം ഈ കാലഘട്ടത്തിൽ ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തി. ദിവസക്കൂലിക്കാർ ആയിട്ടുള്ള വനം വകുപ്പിൽ പണിയെടുക്കുന്ന നൂറു കണക്കിന് തൊഴിലാളികൾക്കും വേതനത്തിൽ കാര്യമായ വർദ്ധനവ് സർക്കാരിൻറെ കാലയളവിൽ നൽകാൻ സാധിച്ചു വെന്ന് മന്ത്രി പറഞ്ഞു.
വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ട്. ഇതിൻ്റെ ഭാഗമായി
500 ആദിവാസി കുടുംബങ്ങളിൽ നിന്നായി 500 ആദിവാസി ചെറുപ്പക്കാർക്ക് വനം വകുപ്പിൽ സ്ഥിര ജോലി നൽകാൻ തീരുമാനമായി. അതിനുവേണ്ടി 500 തസ്തികകൾ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. തുടർച്ചയായി നാലാം വർഷവും വനാവരണത്തിൽ സംസ്ഥാനം വർദ്ധനവ് രേഖപ്പെടുത്തി. ഇക്കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. വന വിസ്തൃതി വർധിപ്പിച്ച ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. മൃഗങ്ങൾക്കടക്കം കൂടുതൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാൻ നിരവധി ചെക്ക് ഡാമുകൾ വനത്തിനുള്ളിൽ നിർമ്മിച്ചു. വനാവകാശ നിയമപ്രകാരം വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട 26273 പേർക്ക് വ്യക്തിഗത അവകാശങ്ങൾ, 174 കമ്മ്യൂണിറ്റി അവകാശം, 483 വികസന അവകാശ രേഖകകൾ നൽകാനും ഈ കാലഘട്ടത്തിൽ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
45 ലക്ഷം രൂപ ചെലവിലാണ് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിന്റെ നിർമ്മാണം. 29 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഡോർമെട്രി, 21 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാർട്ടേഴ്സ് എന്നിവയും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം ചെയ്തു. എസ് എഫ് ബി ഫണ്ടിൽ നിന്നുമാണ് നിർമ്മാണം.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, ഡി ജയ പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, , വാർഡ് മെമ്പർ കെ എ ജോസുകുട്ടി, എം എം പ്രദീപൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments