Skip to main content

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്നത് വ്യാമോഹം- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കേരള സര്‍ക്കാര്‍ തൊഴിലാളി താല്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തെ കുറിച്ച് നടക്കുന്ന കുപ്രചരണം തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്,  തൊഴിലാളികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവരാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞത് അവര്‍ അധികാരത്തില്‍ വന്നാല്‍ മത്സ്യനയത്തിലെ 2(9) ഭാഗങ്ങള്‍ പുന:പരിശോധിക്കുമെന്നാണ്. 2(9) എന്നത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെ സംരക്ഷണമാണ് ഉദ്ദേശിക്കുന്നത്. 3500 ലേറെ മത്സ്യബന്ധന യാനങ്ങള്‍ ആഴക്കടലില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കുമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം.
 ഇക്കാര്യത്തില്‍ ഷിബു ബേബി ജോണിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അഞ്ച് ശതമാനം കമ്മീഷന്‍ ഒഴിവാക്കുമെന്ന് പറഞ്ഞതും വിചിത്രമാണ്. ഇത് കാര്യങ്ങള്‍ മനസിലാക്കാതെ പറയുന്നതാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും ഒരു പൈസ പോലും സര്‍ക്കാരിലേക്ക് എടുക്കുന്നില്ല എന്ന് മാത്രമല്ല കേരളത്തിന്റെ തീര സംരക്ഷണത്തിന് ഹാര്‍ബറുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 750 കോടി രൂപ കേന്ദ്രത്തിന്റെ സഹായമില്ലാതിരുന്നിട്ടും ഹാര്‍ബറുകള്‍ക്ക് മാത്രം പശ്ചാത്തല സൗകര്യമൊരുക്കാന്‍ ഈ ഗവണ്‍മെന്റ് ചെലവഴിച്ചു. തൊഴിലാളികള്‍ക്ക് തീരത്തടുക്കാന്‍ എല്ലാവിധ സൗകര്യവും ഒരുക്കിക്കൊടുത്ത ഗവണ്‍മെന്റ് തൊഴിലാളികള്‍ പിടിക്കുന്ന മീനിന് ന്യായവില ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. എട്ട് ഹാര്‍ബറുകള്‍ മികച്ചതാക്കി. വിപണനം, ലേലം, വിലനിലവാരം എന്നിവയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് മത്സ്യതൊഴിലാളികളുടെ ന•യ്ക്ക് വേണ്ടിയാണ്. 15 വരെ ശതമാനം കമ്മീഷന്‍ എടുക്കുന്ന സാഹചര്യം ഒഴിവാക്കി തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ നേതാവായ രാഹുല്‍ ഗാന്ധി ആരെങ്കിലും അടിസ്ഥാന രഹിതമായി പറഞ്ഞു കൊടുക്കുന്നത് ഏറ്റു പിടിക്കുന്നത് ശരിയാണോ, അദ്ദേഹത്തിന്റെ നിലവാരത്തിന് ചേര്‍ന്നതാണോ എന്ന് പരിശോധിക്കണം. കൊല്ലത്ത് സൗഹൃദത്തന്റെ കാറ്റേറ്റ് വിനോദസഞ്ചാരത്തിന്റെ മാനസികാവസ്ഥയിലാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്, മന്ത്രി പറഞ്ഞു.
ആഴക്കടല്‍ ട്രോളറുകളുടെ  കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. അതിനെതിരായി ശക്തമായി സമരം നടത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ചത് ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ഇതിനെതിരെ നടന്ന സമരഫലമാണ് ട്രോളുകളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇടയായതെന്നും മന്ത്രി പറഞ്ഞു.
                                                             (പി.ആര്‍.കെ നമ്പര്‍.561/2021)

date