Skip to main content

മഹാത്മഗാന്ധി നിലകൊണ്ടത് ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താന്‍: ഗവര്‍ണര്‍

 

രാഷ്ട്പിതാവ് മഹാത്മാഗാന്ധി ജനങ്ങളുടെ ഐക്യത്തിനാണ് നിലകൊണ്ടതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വ്വകലാശാല ഗാന്ധിയന്‍ ചെയര്‍ ഏര്‍പ്പെടുത്തിയ 2019 ലെ ഗാന്ധി ചെയര്‍ അവാര്‍ഡ്
എഴുത്തുകാരനും സര്‍വ്വകലാശാല ഹിന്ദി പഠന വിഭാഗം മുന്‍ അധ്യക്ഷനുമായ ഡോ. ആര്‍ സുരേന്ദ്രന്  സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനത്തിനായി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഉള്‍പ്പെടെയുള്ളവര്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ സ്വാംശീകരിച്ചവരാണ്. ഒരു തരത്തിലുള്ള വേര്‍തിരിവുമില്ലാതെ മനുഷ്യരെ ഒന്നിപ്പിച്ചു നിര്‍ത്തിയ വ്യക്തിയെന്ന നിലയില്‍ കൂടിയാണ് മഹാത്മാഗാന്ധി ലോകരാജ്യങ്ങളില്‍ അറിയപ്പെടുന്നത്. മഹാത്മാഗാന്ധി രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന ആള്‍ മാത്രമല്ലെന്നും രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ യത്‌നിച്ച മഹാനാണെന്നും ജനങ്ങള്‍ക്കിടയില്‍ ഐക്യമെന്ന മനോഭാവം ഊട്ടിഉറപ്പിച്ചത് ഗാന്ധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. കെ വേദവ്യാസന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. തന്റെ വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും അംഗീകാരം കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കാണെന്ന് ഡോ. ആര്‍ സുരേന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പുരസ്‌കാരത്തെ നമസ്‌കാരത്തോടെ സ്വീകരിക്കുന്നു. അംഗീകാരങ്ങള്‍ തനിക്ക് നല്ല നിലയില്‍ ഇനിയും മുന്നോട്ടുപോകാനുള്ള കരുത്ത് തരുമെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജിയുടെ പ്രഥമ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഡോ. ആര്‍ സുരേന്ദ്രന്‍ ഹിന്ദിയില്‍ രചിച്ച ' കേരള്‍ കേ ദിവംഗത് ഹിന്ദി സേവി' എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ഗാന്ധിയന്‍ ചെയറിന്റെ ഉപഹാരം ആര്‍എസ് പണിക്കരും കൈമാറി.സിന്‍ഡിക്കേറ്റംഗം കെ കെ ഹനീഫ ,രാജീവ് ഗാന്ധി കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ എസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

date