നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് കളക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.അഞ്ജന നിര്‍ദേശിച്ചു.
റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ 248 പോളിംഗ് കേന്ദ്രങ്ങളിൽ നാലോ അതില്‍ അധികമോ പോളിംഗ് ബൂത്തുകളുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് വരണാധികാരികള്‍ പ്രത്യേക ഇലക്ഷന് മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കണം.
പോളിംഗ് ബൂത്തുകളില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ഉള്ള പ്രത്യേകം ക്യൂവിനു പുറമെ വയോധികര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കുമായി മൂന്നാമത് ഒരു ക്യൂ കൂടി ഉണ്ടാകണം. ക്യൂ നില്ക്കുമ്പോള് ആളുകള്‍ തമ്മില്‍ അകലം ഉറപ്പാക്കുന്ന അടയാളം രേഖപ്പെടുത്തണം. സുരക്ഷിത അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ വോട്ടര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഓരോ ബൂത്തിലും ഒരു വോളണ്ടിയറെ നിയോഗിക്കണം.
റാമ്പുകള്‍ ആവശ്യമുള്ള പോളിംഗ് കേന്ദ്രങ്ങളില്‍ അവ നേരത്തെ സജ്ജീകരിക്കണം. വൈദ്യുതി ലഭ്യത, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും മുന്‍കൂട്ടി ഉറപ്പാക്കണം. മതിയായ എണ്ണം ടോയ്ലറ്റുകള് ഇല്ലാത്ത ബൂത്തുകളില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ ബയോ ടോയ്ലറ്റുകള് സജ്ജീകരിക്കണം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ജീവനക്കാരില്‍ കോവിഡ് മുന്‍നിര പോരാളികള്‍ ഉള്‍പ്പെടെ അന്‍പതു ശതമാനത്തിലേറെ പേര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ട റാന്‍ഡമൈസേഷനു ശേഷംപരിശീലനം പുനരാരംഭിക്കും. ജില്ലയില്‍ ഒന്‍പത് സംസ്ഥാനതല പരിശീലകരും നിയോജക മണ്ഡലം തലത്തിലുള്ള 103 പരിശീലകരുമാണുള്ളത്.
ജില്ലയില്‍ ഓരോ നിയോജക മണ്ഡലത്തിലും ഒന്നുവീതം വനിതാ ബൂത്തുകളും അഞ്ചുവീതം മാതൃകാ ബൂത്തുകളും സജ്ജീകരിക്കണം. സൗകര്യങ്ങള്‍ ഏറ്റവും കുറവുള്ള ബൂത്തുകള്‍ തിരഞ്ഞെടുത്ത് മാതൃകാ ബൂത്തുകളായി സജ്ജമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു
ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാരും നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍ വിശദീകരിച്ചു.
സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം ആശ സി ഏബ്രഹാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments