Skip to main content

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍  നിര്‍ദ്ദേശം പുറപ്പെടുവിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം. കോട്ടന്‍ തുണി (100% കോട്ടണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത്) പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കളുപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പിവിസി ഫ്രീ  എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും നമ്പറും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമനടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും.  പുന:ചംക്രമണ പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ ശേഖരിച്ച സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന മുഖാന്തരം സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം. രാഷ്ട്രീയപാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍  അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കണം. മേല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവിധ വകുപ്പുകള്‍, ശുചിത്വമിഷന്‍ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികള്‍ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതി സൗഹാര്‍ദ്ദമായി നടപ്പിലാക്കാനുള്ള അധികാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരില്‍ നിഷിപ്തമായിരിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവിലുണ്ട്

date