Skip to main content

പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ഇന്ന് ചുമതലയേല്‍ക്കും

നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ഇന്ന് ചുമതലയേല്‍ക്കും. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ശക്തമായ പരിശോധനയും നടപടിയും തുടങ്ങും. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഫ്ളയിംഗ് സ്‌ക്വാഡ്, സ്്റ്റാറ്റിക് സര്‍വ്വൈലന്‍സ് സ്‌ക്വാഡ്, വീഡിയോ സര്‍വ്വൈലന്‍സ് ടീം എന്നിവ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാരുടെ സംഘവുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 3080000 രൂപ വരെ പ്രചാരണത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി ചെലവഴിക്കാനേ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുമതിയുള്ളൂ. ലോക്സഭ തെരഞ്ഞടുപ്പില്‍ 77 ലക്ഷം രൂപയും. സ്ഥാനാര്‍ത്ഥികള്‍ക്ക് 10000 രൂപ വരെയുള്ള സാമ്പത്തിക ഇടപാട് നേരിട്ട് നടത്താം. എന്നാല്‍ അതിന് മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ. ഇതിനായി സ്ഥാനാര്‍ത്ഥികള്‍ പ്രത്യേകം ബാങ്ക് എക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍ സൂക്ഷിക്കുകയും വേണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് ക്യാഷ് രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രചാരണ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച തുകയില്‍ അധികമാകരുത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.

date