Skip to main content

പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പടെയുള്ള പോളിങ് സാമഗ്രികള്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇന്ന് ( ഏപ്രില്‍ അഞ്ച്) രാവിലെ എട്ട് മുതല്‍ വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് പോളിങ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റി വാഹനത്തില്‍ പോളിങ് ബൂത്തുകളിലേക്ക് പോവും. ജില്ലയില്‍ 14 വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

പോളിങ് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വിതരണത്തിന്റെ ചുമതല ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്കുമായിരിക്കും. ഓരോ വിതരണ/സ്വീകരണ കേന്ദ്രങ്ങളിലും 12-14 പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ എന്ന ക്രമത്തിലാണ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കൗണ്ടറിലും ഒരു സൂപ്പര്‍വൈസര്‍ ഒരു അസിസ്റ്റന്റ് ഒരു അറ്റന്റന്റ് എന്നിങ്ങനെ മൂന്ന് ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജലലഭ്യത എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
 

date