Skip to main content

വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍   ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമമായ നടത്തിപ്പിന്റെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് മണ്ഡലടിസ്ഥാനത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ ചാര്‍ജ് ഓഫീസര്‍മാരായി വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിച്ചു. വെല്‍ഫെയര്‍/ചാര്‍ജ് ഓഫീസര്‍മാരുടെ നോഡല്‍ ഓഫീസറായി എ.ഡിഎം ഡോ.എം.സി റജില്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനയെയുമാണ് നിയമിച്ചിട്ടുള്ളത്. പോളിങ് സാധന സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ് ദിവസം സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും. പോളിങ് സാമഗ്രികളുടെ വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ചാര്‍ജ് വെല്‍ഫയര്‍ ഓഫീസര്‍മാരാണ്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങളും പോളിങ് സാമഗ്രികളും യഥാസമയം ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. കൂടാതെ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും സ്ഥാപിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍/ ചാര്‍ജ് ഓഫീസര്‍മാര്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ലഘുഭക്ഷണം, കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ അതത് വിതരണ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. കൂടാതെ അവരുടെ വാഹനസൗകര്യവും ഉറപ്പാക്കും. ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും വിതരണ കേന്ദ്രത്തിന്റെ ചുമതലയ്ക്കും നിയോഗിക്കപ്പെട്ട ചാര്‍ജ് ഓഫീസര്‍ നോഡല്‍ ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.    

date