Skip to main content

പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  പൊന്നാനി നഗരസഭ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെ  ഉത്തരവിനെ തുടര്‍ന്നാണ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. ബുധനാഴ്ച മുതല്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും.

എല്ലാ വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികള്‍ക്കും  ഇവിടെ ചികിത്സ ലഭ്യമാകും. കോവിഡ് രോഗികളായവര്‍ക്ക് മാത്രമായിരിക്കും ആശുപത്രിയില്‍ ഇനി പ്രസവ ചികിത്സ നല്‍കുക. സാധാരണ ഗതിയില്‍ കോവിഡ് രോഗികളല്ലാത്ത ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടാം. മാത്രമല്ല കോവിഡ് അല്ലാത്ത മുഴുവന്‍ രോഗികള്‍ക്കും താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍  അടിയന്തിര യോഗം ചേര്‍ന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാ സുദേശന്‍, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീര്‍, സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ആശ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date