Skip to main content

കോവിഡ് പ്രതിരോധം ഫലം കാണുന്നു; ജില്ലയിൽ   27 സീറോ കോവിഡ് വാർഡുകൾ

 

ജില്ലാ ഭരണസംവിധാനത്തിന്റെയും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മാഷ് പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു. കഴിഞ്ഞ നാല് മുതൽ അഞ്ച് ദിവസം വരെ (മെയ് 20-24)  ജില്ലയിലെ 27 വാർഡുകൾ പുതിയതായി ഒറ്റ കോവിഡ് കേസുപോലും ഇല്ലാതെ സീറോ കോവിഡ് വാർഡുകളായി. 

കുമ്പഡാജെ പഞ്ചായത്ത് എട്ടാം വാർഡിൽ കഴിഞ്ഞ ആറ് ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കുമ്പഡാജെ നാലാം വാർഡിൽ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. ബെള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ അഞ്ച് ദിവസവും ആറാം വാർഡിൽ മൂന്ന് ദിവസവുമായി പുതിയ രോഗികളില്ല. ചെറുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ നാല് ദിവസമായി പുതിയ രോഗികളില്ല. കാറഡുക്ക പഞ്ചായത്ത് മൂന്നാം വാർഡിൽ നാല് ദിവസമായും പതിനൊന്നാം വാർഡിൽ മൂന്ന് ദിവസമായും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 

കയ്യൂർ ചീമേനി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നാല് ദിവസമായി കോവിഡ് റിപ്പോർട്ട് ചെയ്തില്ല. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നാലാം വാർഡിൽ അഞ്ച് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. കുമ്പള പഞ്ചായത്ത് ഒൻപതാം വാർഡിലും മധൂർ പഞ്ചായത്ത് ഒന്നാം വാർഡിലും പടന്ന പഞ്ചായത്ത് മൂന്നാം വാർഡിലും കിനാനൂർ കരിന്തളം പഞ്ചായത്ത് 14,15 വാർഡുകളിലും കാസർകോട് നഗരസഭ 31ാം വാർഡിലും മെയ് 24ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. മഞ്ചേശ്വരം പഞ്ചായത്ത് 20-ാം വാർഡിൽ ആറ് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. പൈവളിഗെ അഞ്ച്, ആറ്, 15 വാർഡുകളിൽ മൂന്ന് ദിവസമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. പുത്തിഗെ രണ്ടാം വാർഡിൽ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. വലിയ പറമ്പ് പഞ്ചായത്തിൽ ഒന്ന്, രണ്ട് വാർഡുകളിൽ മൂന്ന് ദിവസമായും 4,7,8 വാർഡുകളിൽ നാല് ദിവസമായും 13ാം വാർഡിൽ എട്ട് ദിവസമായും പുതിയ രോഗികളില്ല. വോർക്കാടി അഞ്ച്, എട്ട് വാർഡുകളിൽ നാല് ദിവസമായി പുതിയ രോഗികളില്ല. വെസ്റ്റ് എളേരി ഒന്നാം വാർഡിൽ മൂന്ന് ദിവസമായി പുതിയ രോഗികളില്ല.

മാഷ് പദ്ധതിയിലുള്ള അധ്യാപകർ ജെ.എച്ച്.ഐ, ആശാവർക്കർമാർ എന്നിവരുമായി ബന്ധപ്പെട്ടാണ് കോവിഡ് ബാധിതരുടെ വാർഡ് തിരിച്ചുള്ള കണക്കുകൾ പ്രത്യേകം ഫോർമാറ്റിൽ തയ്യാറാക്കുന്നത്. ഒരു വാർഡിൽ നാല് മുതൽ അഞ്ച് വരെ അധ്യാപകർ പ്രവർത്തിക്കുന്നുണ്ട്. വാർഡിലെ  30- 40 വീടുകളുള്ള ആറു മുതൽ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി തിരിക്കും. മൈക്രോ ക്ലസ്റ്ററുകളുടെ ചുമതല ജാഗ്രതാ സമിതി കെയർ ടേക്കർമാർക്കാണ്. വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ, ജാഗ്രതാ സമിതി, ആശാ വർക്കർമാർ, മാഷ് പ്രവർത്തകരായ അധ്യാപകർ തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്പുകളാണ് വാർഡുകളിൽ പ്രവർത്തനം നടക്കുന്നത്. അവശ്യ ഘട്ടങ്ങളിൽ കോവിഡ് പോസിറ്റീവായതോ, ക്വാറന്റൈനിൽ ഇരിക്കുന്നതോ ആയ ആളുകൾക്ക് ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുന്ന ചുമതലയും മാഷ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തന്നുണ്ട്. ജനങ്ങളും മാഷ് പ്രവർത്തകരുമായി മികച്ച ആശയ വിനിമയം സാധ്യമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത്

date