Skip to main content

പത്തിയൂരിൽ ഗൃഹ പരിചരണ കേന്ദ്രം ആരംഭിക്കും: യു പ്രതിഭ എം എൽ എ 

 

ആലപ്പുഴ : പത്തിയൂർ ഗ്രാമപഞ്ചായത്തിൽ പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഡ്വ യു.  പ്രതിഭ എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര ഓൺലൈൻ യോഗം ചേർന്നു. പത്തിയൂർ എസ്. കെ. വി. എച്ച്. സ്കൂൾ കേന്ദ്രമാക്കി ഗൃഹ പരിചരണ കേന്ദ്രം ആരംഭിക്കുമെന്നും ഇതിനുവേണ്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും എം എൽ എ പറഞ്ഞു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പത്തിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും. 

പത്തിയൂർ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 2365 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1623 പേർക്ക് രോഗം ഭേദമായി. 715 പേർ നിലവിൽ ചികിത്സയിലുണ്ട്. 32 പേർ കോവിഡ് ബാധിതരായി മരണമടഞ്ഞിട്ടുണ്ട്.

പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം.  നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. വാർഡുതലത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ  മുഖാന്തിരം കൂടുതൽ ആരോഗ്യ ബോധവത്കരണം നടത്തും.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, മുതുകുളം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. തനൂജ തുടങ്ങിയവർ പങ്കെടുത്തു.
 

date