Skip to main content

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ജനകീയ ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

 

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ശുചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, ആരോഗ്യവകുപ്പ്, എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഇന്ന്(ജൂണ്‍ 5) പൊതു സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും, ജൂണ്‍ ആറിന് വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റ്റി.ജി അഭിജിത്ത് അറിയിച്ചു.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കുക, കൊതുക് നശീകരണം, രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാല രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് ശുചീകരണ ക്യാമ്പെയിനിന്റെ ലക്ഷ്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിതകര്‍മസേനയുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ലഭ്യമാക്കും. വാര്‍ഡ് സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വീടുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ സി.ദീപ, സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ചീഫ് എഞ്ചിനീയര്‍ ഇ.സി പത്മരാജന്‍ എന്നിവര്‍ പങ്കെടുത്തു.

date