Skip to main content

ട്രോളിങ് നിരോധനം; തൃശൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി

 

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജില്ലയിൽ ഫിഷറീസ്, കലക്ട്രേറ്റ്, ചാവക്കാട്-കൊടുങ്ങല്ലൂർ താലൂക്കുകൾ, അഴീക്കോട്-ചാവക്കാട് കോസ്റ്റൽ പൊലീസ്, അഴീക്കോട് ഫിഷറീസ്, കോസ്റ്റ്ഗാർഡ് എന്നിവിടങ്ങളിലായാണ് കൺട്രോൾ റൂമുകൾ തുറന്നത്. ജൂലായ് 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുക.

മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ നിരോധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണമെന്നും  അല്ലാത്ത വള്ളങ്ങൾ അതത് ഹാർബറുകളിലോ ലാന്റിങ് സെന്ററുകളിലോ എത്തിച്ചേരേണ്ടതാണെന്നും ഫിഷറീസ് വകുപ്പ് നിർദേശിച്ചിരുന്നു. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം. സമയക്രമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കര്‍ശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. ഇപ്രകാരം ഉപയോഗിക്കുന്ന കാരിയർ, ഇൻബോർഡ് വള്ളങ്ങളുടെ വിവരങ്ങൾ അതത് മത്സ്യഭവൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. 

ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. ഇന്ധനം നൽകുന്ന ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.  ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസൽ ബങ്കുകളിൽനിന്നും ഇന്ധനം ലഭിക്കും. നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളും നിർബന്ധമായും കളർ കോഡിങ് പാലിക്കണം. എല്ലാ മത്സ്യബന്ധന യാനങ്ങളുടെയും ഇരുഭാഗത്തും രജിസ്ട്രേഷൻ നമ്പർ എഴുതി പ്രദർശിപ്പിക്കേണ്ടതും തൊഴിലാളികൾക്ക് അനുസൃതമായി ജീവൻരക്ഷാ ഉപകരണങ്ങൾ കരുതിയിരിക്കേണ്ടതുമാണ്. മുന്നറിയിപ്പുകള്‍ക്കനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.

നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, നേവി എന്നിവരെ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തണം.  തൊഴിലാളികൾ ബയോമെട്രിക് തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ കൈവശം സൂക്ഷിക്കണം.

ചെറുമീൻ പിടുത്തം, രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയുള്ള മത്സ്യബന്ധനം, തീരക്കടലിൽ രണ്ട് യാനങ്ങൾ ചേർന്നുള്ള പെയർ ട്രോളിംഗ്, അശാസ്ത്രീയ മത്സ്യബന്ധന രീതികൾ, ആവശ്യമായ രേഖകൾ ഇല്ലാതെയും, കളർകോഡ്, ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയുമുള്ള മത്സ്യബന്ധനം ഇവയെല്ലാം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

കടലില്‍ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം  ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തില്‍ ജില്ലയില്‍ മത്സ്യബന്ധനം വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍/ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. ഫിഷിങ് ഹാര്‍ബറുകളിലും ലാൻറിങ് സെന്ററുകളിലും കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.

കൺട്രോൾ റൂം നമ്പറുകൾ

ഫിഷറീസ്: 0487- 2331132, 2331090

കലക്ടറേറ്റ്- 0487-2362424

അഴീക്കോട് കോസ്റ്റൽ പോലീസ്- 0480-2815100

ചാവക്കാട് താലൂക്ക്-0487-2507350

കൊടുങ്ങല്ലൂർ താലൂക്ക്- 0480- 2802336

അഴീക്കോട് ഫിഷറീസ് കൺട്രോൾ റൂം- 0480-2819698

കോസ്റ്റ് ഗാർഡ്- 1093(ടോൾഫ്രീ)

date