കോവിഡ് മൂന്നാം തരംഗ സാധ്യത, ജില്ലയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും - ജില്ലാ കലക്ടര്‍
കോവിഡ് മൂന്നാം തരംഗ സാധ്യത പ്രവചിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാനും മറികടക്കാനും ജില്ലയില്‍ കൂടുതല്‍ കരുതലും ജാഗ്രതയും ഉറപ്പു വരുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി അതിജീവിക്കുന്നതില്‍ ജില്ലയിലെ ഓരോ ആശുപത്രിയും കാഴ്ച്ചവെച്ച മികച്ച സേവനത്തെ കലക്ടര്‍ അഭിനന്ദിച്ചു. കൂടുതല്‍ ശക്തമായി മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കൃത്യമായി ആസൂത്രണവും പരിശീലനവും നടത്തുവാനും നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കായുള്ള വാര്‍ഡ്, ഓക്സിജന്‍ ബെഡ്, ഐ.സി.യു.വെന്‍റിലേറ്ററുകള്‍ എന്നിവ അടിയന്തരമായി സജ്ജീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി മേധാവികള്‍, ജീവനക്കാര്‍ എന്നിവരുമായി നടത്തിയ കോവിഡ് മൂന്നാം തരംഗ സാധ്യത അവലോകന യോഗങ്ങളിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അതീവ ഗൗരവമായി കാണണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. രണ്ടാം തരംഗത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനത്തേക്കാളേറെ മൂന്നാം തരംഗ സാധ്യതയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇതിനായി ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിക്കുക, വാക്സിനേഷന്‍ ഉറപ്പുവരുത്തുക എന്നിവയും ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യണം. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണം. ഓക്സിജന്‍ സിലിണ്ടറുള്ള കിടക്കകള്‍ ഉറപ്പു വരുത്തും. അതോടൊപ്പം എല്ലായിടത്തും വെന്‍റിലേറ്റര്‍ സൗകര്യവും ഉറപ്പു വരുത്തും.
മൂന്നാം തരംഗ സാധ്യതയില്‍ മുതിര്‍ന്നവരെ പോലെ കുട്ടികള്‍, യുവാക്കള്‍ എന്നിവരെ കൂടുതല്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ആശുപത്രികള്‍ പോലെ തന്നെ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് മുന്‍നിരയില്‍ നിലയുറപ്പിക്കണം. ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യത്തിനനുസരിച്ച് എല്ലായിടത്തും എത്തിക്കും. ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘടന അംഗങ്ങളുമായി ആശുപത്രികളില്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക പരിശീലനം നല്‍കാന്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കാനും സജ്ജീകരണമൊരുക്കും.
കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ ന്യൂട്രീഷ്യന്‍ പ്രോഗ്രാം, പൊതുജന ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കാന്‍ സന്നദ്ധമാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. മിക്കയിടത്തും കോവിഡ് കണ്‍ട്രോള്‍ റൂം സജ്ജമാക്കും. പരിചയ സമ്പന്നരായ ജീവനക്കാരെ വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങള്‍ കാര്യക്ഷമമാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തി കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഡി എം ഒ കെ ജെ റീന, ഡെപ്യൂട്ടി ഡി എം ഒ കെ എന്‍ സതീഷ്, ഡി പി എം ടി വി സതീശന്‍, സര്‍ക്കാര്‍, സ്വാകാര്യ, മെഡിക്കല്‍ കോളേജ് വിദഗ്ദര്‍, ആശുപത്രി സൂപ്രണ്ടന്‍റുമാര്‍, ഐ.എം.എ, കെ.പി.എച്ച്.എ. പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ യോഗങ്ങളില്‍ സംബന്ധിച്ചു.
- Log in to post comments