Skip to main content

സിക്ക വൈറസ് രോഗം - അടിയന്തിര  യോഗം ചേർന്നു 

 

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ സ്ഥിഗതികൾ വിലയിരുത്തുന്നതിനായി ഡി.എം.ഒ ഡോ. എൻ .കെ കുട്ടപ്പന്റെ  അദ്ധ്യക്ഷതയിൽ അടിയന്തിര ആർ ആർ ടി യോഗം ചേർന്നു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. എയർ പോർട്ട്, തുറമുഖങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനമായി. വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ, വാർഡ് ലെവൽ ആർ ആർ ടി അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.    
അഡി. ഡി എം ഒ ഡോ. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ദേശീയ ആരോഗ്യദൗത്യം, ഡോ:മാത്യൂസ് നമ്പേലി നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, എയർപോർട്ട്, തുറമുഖ ഹെൽത്ത് ഓഫീസർമാർ, മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രതിനിധികൾ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ആർ ആർ ടി ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  

പ്രധാനമായും  ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഡെങ്കി പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങളും പരത്തുന്ന ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. 

 ഉറവിടനശീകരണം നടത്തുന്നതിന് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കു ണ്ടതാണ്.ഞായറാഴ്ചകളിൽ വീടുകളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും   കൊതുകിന്റെ ഉറവിട നശീകരണം നടത്തേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.

date