Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-07-2021

മില്‍മ - കെ എസ് ആര്‍ ടി സി ഫുഡ് ട്രക്ക്
ഉദ്ഘാടനം ഞായറാഴ്ച

മില്‍മ - കെ എസ് ആര്‍ ടി സി ഫുഡ് ട്രക്ക് പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നാളെ (ജൂലൈ 18 ഞായറാഴ്ച) രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.  മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ.ടി ഒ മോഹനന്‍ മുഖ്യാതിഥിയാകും.
മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി മില്‍മ മലബാര്‍ മേഖലാ യൂണിയനും കെ എസ് ആര്‍ ടി സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കെ എസ് ആര്‍ ടി സി നല്‍കുന്ന പഴയ ബസുകള്‍ നവീകരിച്ചാണ് മില്‍മ ഫുഡ് ട്രക്കുകളാക്കി മാറ്റുന്നത്.  

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജൂലൈ 17, 18, 20 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജൂലൈ 17 ശനിയാഴ്ച- വൈകിട്ട് മൂന്ന് മണി- പടന്നപ്പാലം മാലിന്യ പ്രശ്‌നം അവലോകനം, കലക്ടറേറ്റ് (ഓണ്‍ലൈന്‍). 3.30- സിറ്റി റോഡ് പ്രൊജക്റ്റ് അവലോകനം, കലക്ടറേറ്റ് (ഓണ്‍ലൈന്‍). 4.20- തളിര്‍ സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം സംസ്ഥാനതല സമ്മാന വിതരണം, റസ്റ്റ് ഹൗസ്, കണ്ണൂര്‍. അഞ്ച് മണി- കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം, കലക്ടറേറ്റ് (ഓണ്‍ലൈന്‍).
ജൂലൈ 18 ഞായര്‍- രാവിലെ 9.30- മില്‍മ ഫുഡ്ട്രക്ക് ഉദ്ഘാടനം, കെഎസ്ആര്‍ടിസി സ്റ്റാന്റ്. വൈകിട്ട് അഞ്ച് മണി- മണ്ഡലം ഓഫീസ്.
ജൂലൈ 20 ചൊവ്വ- രാവിലെ 10.15- ടാഗോര്‍ പ്രതിമ അനാവരണം, ജി എച്ച് എസ് എസ് ടാഗോര്‍, തളിപ്പറമ്പ. 10.45- തളിപ്പറമ്പ് നഗരസഭ കേരഗ്രാമം പദ്ധതിയുടെയും വഴിയോര ചന്തയുടെയും ഉദ്ഘാടനം, തളിപ്പറമ്പ്. വൈകിട്ട് മൂന്നു മണി- മൊറാഴ കല്ല്യാശ്ശേരി ബാങ്ക് ചികിത്സാ ധനസഹായം, ഓണ്‍ലൈന്‍ പഠനോപകരണം വിതരണം. നാല് മണി- മണ്ഡലം ഓഫീസ്.

ഗതാഗതം നിരോധിച്ചു

വാരം ടൗണ്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വാരം ബസാര്‍ - വാരം കടവ്, വാരം കടാങ്കോട് റോഡ് വഴിയുള്ള വാഹന ഗതാഗതം ജൂലൈ 19 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു.  വാഹനങ്ങള്‍ പള്ളിപ്രം - കരിക്കിന്‍കണ്ടിച്ചിറ - വാരം റോഡ് വഴിയും മുണ്ടയാട് സബ്‌സ്റ്റേഷന്റെ സമീപത്തുള്ള കനാല്‍ റോഡ് വഴിയും പോകാവുന്നതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍  വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന എല്ലാ കെ ടെറ്റ് പരീക്ഷയുടെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂലൈ 22, 23 തീയതികളില്‍ കണ്ണൂര്‍ ജി വി എച്ച് എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നടത്തും.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ ഓരോ ദിവസവും 100 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.  പരിശോധനക്ക് യഥാസമയം ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ഇ കിയോസ്‌ക്: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

എല്ലാ തദ്ദേശ സ്ഥാപനപരിധിയിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ കിയോസ്‌ക് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള  40 ശതമാനമോ അതില്‍കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം.   ഇ മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ മെയിലായി അതത് താലൂക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ജൂലൈ 31 നകം  സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700566.

വാഹനം ആവശ്യമുണ്ട്

പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്കായി  ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 21ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04985 236166, 8281375624.
ഇരിട്ടി അഡീഷണല്‍ ഐസിഡിഎസ് മട്ടന്നൂര്‍ ഓഫീസ് ആവശ്യത്തിലേക്ക്  ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2471420.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഇരിക്കൂര്‍ അഡീഷണല്‍ ഐസിഡിഎസ്  ഓഫീസിലേക്ക്  ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 22ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0460 2257202.

സ്‌കോള്‍ കേരള: ടി സി കൈപ്പറ്റണം

സ്‌കോള്‍ കേരള മുഖേന 2019-21 ബാച്ചില്‍  ഹയര്‍ സെക്കണ്ടറി കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും, ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ടിസി കൈപ്പറ്റണം. ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.   വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തണം. ഓപ്പണ്‍ റെഗുലര്‍ കോഴ്‌സിന് 01,05,09,39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ, കോഴ്‌സ് ഫീ പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ ടി സി വാങ്ങുമ്പോള്‍ കോഷന്‍ ഡെപ്പോസിറ്റ്  തുക തിരികെ ലഭിക്കുന്നതിനുള്ള  രസീത് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0471 2342950, 2342271.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50  കി മീ വരെ വേഗതയില്‍  ശക്തമായ കാറ്റിന്  സാധ്യതയുള്ളതിനാല്‍  മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍  ജില്ലയില്‍ ജൂലൈ 17 ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് ശനിയാഴ്ച (ജൂലൈ 17) രാത്രി 11.30 വരെ 2.5 മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു

date