Skip to main content

സി.എഫ്.എല്‍.ടി.സി ജീവനക്കാരെ അനുമോദിച്ചു

രണ്ടു വര്‍ഷത്തോളമായി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടിപ്പാലം കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നാട്ടുകാരുടെ അനുമോദനം. മെഡിക്കല്‍ കോളജിന്റെയും നഗരസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടിപ്പാലം കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരെ ജനകീയ കമ്മറ്റി പായസം നല്‍കിയാണ് അനുമോദിച്ചത്. നഗരസഭയിലും ജില്ലയിലെയും ഇതര ജില്ലകളിലെയും 3,000ല്‍പരം രോഗികള്‍ക്കാണ് മുട്ടിപ്പാലത്തെ കേന്ദ്രത്തില്‍ മികച്ച ചികിത്സ നല്‍കിയത്. നിലവില്‍ 10 ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പെടോ 100 കിടക്കകളിലാണ് രോഗികളെ പരിചരിക്കുന്നത്.

കോവിഡിന്റെ പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ ആരംഭിച്ച സി.എഫ്.എല്‍.ടി.സികളില്‍ ഇപ്പോഴും സേവനം നല്‍കുന്ന സ്ഥാപനം കൂടിയാണ് മുട്ടിപ്പാലത്തേത്. കോവിഡിന്റെ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും സാക്ഷിയായ സ്ഥാപനം മൂന്നാം തരംഗത്തെയും നേരിടാന്‍ തയ്യാറായി നില്‍ക്കുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ രണ്ടും മൂന്നും തവണ കോവിഡ് ബാധിച്ചെങ്കിലും മനോധൈര്യം കൈവിടാതെ ഇപ്പഴും രോഗി സേവനം തുടരുന്നു. തീര്‍ത്തും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ നഗരസഭാ അദ്ധ്യക്ഷ വി.എം സുബൈദ, കണ്ണിയന്‍ അബൂബക്കര്‍, ആര്‍.എം.ഒ ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ഗണേഷ്, ഡോ. സുബിന്‍, ജെ.എച്ച്.ഐ ശുഭറാം, ബിശ്വജിത്ത്, സ്റ്റാഫ് നഴ്‌സ് ജസ്വിന്‍, ആയിഷ, സൗമ്യ, ഷഫീഖ്, ജോഷിദ്, രാകേഷ്, സലിം മണ്ണുശ്ശേരി തുടങ്ങിവര്‍ പങ്കെടുത്തു.
 

date