Skip to main content

നീന്തല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവേശനത്തിന് അവസരമൊരുക്കി എളവള്ളി പഞ്ചായത്ത്

നീന്തല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എളവള്ളി ഗ്രാമപഞ്ചായത്ത്. 16 വാര്‍ഡുകളിലെ നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് എളവള്ളി ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നത്. ചിറ്റാട്ടുകര പള്ളിക്കുളത്തില്‍ നടത്തിയ നീന്തല്‍ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രാമപഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്.
ഈ സര്‍ട്ടിഫിക്കറ്റുകളില്‍ തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൗണ്ടര്‍ സൈന്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. പ്ലസ് വണ്‍ പ്രവേശന സമയത്ത് രണ്ട് പോയിന്റ് ബോണസ് മാര്‍ക്കാണ് ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. 30 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നീന്തല്‍ അധ്യാപകന്‍ കെ എം ജസ്റ്റിന്റെ നേതൃത്വത്തില്‍ എഡ്വിന്‍ ജസ്റ്റിന്‍, വി ജെ ആല്‍വിന്‍, ഗോഡ്‌വിന്‍ ജസ്റ്റിന്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഒരുക്കിയത്. ക്യാമ്പ് എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ ഡി വിഷ്ണു, എം പി ശരത്കുമാര്‍, ശ്രീബിത ഷാജി എന്നിവര്‍ പങ്കെടുത്തു.

date