Skip to main content

വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവാഹകരാകണം -വീണാജോര്‍ജ് എംഎല്‍എ

വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ വാഹകരാകണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പമ്പയില്‍ മാലിന്യ മുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രചാരണ പരിപാടി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഫ്ളാഗ് ഓഫ്     ചെയ്യുകയായിരുന്നു എംഎല്‍എ. ശബരിമല തീര്‍ഥാടത്തോടനുബന്ധിച്ച് നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ച നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

 
മൂന്ന് വര്‍ഷമായി തീര്‍ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും നടത്തിവരുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുള്ളതായി ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും നടത്തുന്നതായും കളക്ടര്‍ പറഞ്ഞു. 

ചടങ്ങില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.ടി.എബ്രഹാം, അടൂര്‍ ആര്‍ഡിഒ എം.എ റഹിം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനന്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ രാജു ജോസഫ്, ഹയര്‍ സെക്കന്‍ഡറി സൗഹൃദ ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സഞ്ജയന്‍ ഓമല്ലൂര്‍, സൗഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാരായ മണികണ്ഠന്‍ അങ്ങാടിക്കല്‍, ജീവന്‍, ബാങ്ക് ഓഫ് ബറോഡ പ്രതിനിധി സന്തോഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ആദ്യ ദിവസം ശുചീകരണത്തിനായി പമ്പയിലേക്ക് പോയത് അങ്ങാടിക്കല്‍ എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 60 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ്. വിദ്യാര്‍ഥികള്‍ക്കുള്ള ടീഷര്‍ട്ട്, തൊപ്പി എന്നിവ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങളുള്ള 50 കുടകള്‍ ബാങ്ക് ഓഫ് ബറോഡയും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്.  ജനുവരി 14 വരെ എല്ലാ ദിവസവും ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ 50 കുട്ടികള്‍ വീതം പമ്പയില്‍ ബോധവത്ക്കരണത്തിന് എത്തും. 
                                                

(പിഎന്‍പി 3076/17)

date