Skip to main content

ഗാര്‍ഹിക കീടനാശിനികളുടെ വില്പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൃഷി വകുപ്പ് കാമ്പയിന്‍

മാരക കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഈ മാസം 18 വരെ കാമ്പയിന്‍ നടത്തും. ഗാര്‍ഹിക കീടനിയന്ത്രണത്തിനുള്ള കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്പ്പനയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി കൃഷിവകുപ്പിന്‍റെ ഗുണനിലവാര എന്‍ഫോഴ്സ്മെന്‍റാണ് കാമ്പയിന്‍ നടത്തുന്നത്. ഗാര്‍ഹിക കീടനാശിനികളെ സംബന്ധിച്ച് പൊതുജനങ്ങളുടെയും വില്പ്പന വിതരണക്കാരുടെയും ഇടയില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്‍റെ ലക്ഷ്യം. 

കാമ്പയിന്‍ കാലയളവില്‍ എല്ലാ കൃഷിഭവനുകളുടെയും ചുമതലയില്‍ കൃഷി ഉദ്യോഗസ്ഥര്‍ അതത് പ്രദേശത്തെ വിതരണ- വില്പ്പന ശാലകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അവബോധം നല്‍കും. ഗാര്‍ഹിക കീടനാശിനികള്‍ എന്ന പേരില്‍ നിയന്ത്രിത കീടനാശിനികള്‍ അനധികൃതമായി സ്റ്റോക്ക് ചെയ്ത് വിതരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. 

എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷി വകുപ്പില്‍ നിന്നും കീടനാശിനി വില്പ്പന വിതരണത്തിനുള്ള ലൈസന്‍സ് നേടണം. പകര്‍പ്പ് എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പിക്കുകയും വേണം. കൃഷിവകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുള്ള വിതരണക്കാര്‍ നല്‍കുന്ന അംഗീകൃത ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങള്‍ മാത്രമേ റീട്ടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കുവാനും വില്പ്പന നടത്താനും പാടുള്ളൂ.                  

(പിഎന്‍പി 3077/17)

date