Skip to main content

തൊഴിലുറപ്പു പദ്ധതി : ലേബര്‍ ബജറ്റ് രൂപീകരണം ഊര്‍ജിതപ്പെടുത്തണം -ജില്ലാ കളക്ടര്‍ 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ അടുത്ത വര്‍ഷത്തെ  ലേബര്‍ ബജറ്റ്, കര്‍മ പദ്ധതി രൂപീകരണം എന്നിവയുടെ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശിച്ചു. കുറ്റമറ്റ ലേബര്‍ ബജറ്റും പ്രോജക്ടുകളുടെ പട്ടികയും ഡിസംബര്‍ മൂന്നിനകം ബ്ലോക്ക് പഞ്ചായത്തുകളുടെ അംഗീകാരത്തിനായി ലഭ്യമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.  ഓരോ ഗ്രാമപഞ്ചായത്തും പ്രദേശത്ത് അടുത്ത വര്‍ഷം പദ്ധതിയിലുളള  ഓരോ കുടുംബത്തിനും 100 തൊഴില്‍ ദിനം ലഭിക്കും വിധമാണ് ലേബര്‍ ബജറ്റ് തയ്യാറാക്കേണ്ടത്. ആവശ്യമായി വരുന്ന തൊഴില്‍ദിനങ്ങള്‍ ശരിയായ രീതിയില്‍ തിട്ടപ്പെടുത്തി ലേബര്‍ ബജറ്റ് കണക്കാക്കണം. തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ നല്‍കാന്‍ കഴിയുംവിധം പ്രവൃത്തികളുടെ പട്ടികയും ഇതോടൊപ്പം തയ്യാറാക്കണം. പുതുക്കിയ മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ചുളള അനുവദനീയമായ പ്രവൃത്തികളാണ് പദ്ധതിയിലുളളതെന്ന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. പ്രവൃത്തികളുടെ പട്ടികയും ലേബര്‍ ബജറ്റിനൊപ്പം നിര്‍ബന്ധമായും നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. 
          
           ആസ്തി വികസനം, ജലസംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുളള പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം. തൊഴിലുറപ്പു നിയമപ്രകാരം അനുവദനീയമായ 153 ഇനം പ്രവൃത്തികളുണ്ട്.  നൂറോളം പ്രവൃത്തികള്‍ പ്രകൃതി വിഭവ പരിപാലനം, ജലസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. സമഗ്ര നീര്‍ത്തടവികസന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഭൂമിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി കിണറുകള്‍, കുളങ്ങള്‍, ജലകൊയ്ത്ത് നിര്‍മിതികള്‍ തുടങ്ങി ജലസേചനത്തിന് ആവശ്യമായ പ്രവൃത്തികളും ഏറ്റെടുക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് 90 ദിനം അവിദഗ്ദ്ധ തൊഴില്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കണം. കോഴിക്കൂട്, ആട്ടിന്‍കൂട,് തൊഴുത്ത,് പുല്‍തൊട്ടി എന്നിവയുടെ നിര്‍മാണം, വ്യക്തിഗത ശുചിമുറികള്‍, അങ്കണവാടി നിര്‍മാണം, കളിസ്ഥലങ്ങളുടെ നിര്‍മാണം, ഖര - ദ്രവ മാലിന്യസംസ്കരണ ഉപാധികള്‍, സ്കൂളുകളിലും അങ്കണവാടികളിലും ടോയ്ലറ്റുകള്‍, ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കണം. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍, പട്ടികവിഭാഗങ്ങള്‍ എന്നിവര്‍ക്കുളള വ്യക്തിഗത ആസ്തി വികസന പദ്ധതികളും പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തണം. പുല്ലുചെത്തല്‍, കാട് വെട്ടല്‍, കാര്‍ഷികപ്രവൃത്തികള്‍ എന്നിവയും ആവര്‍ത്തനസ്വഭാവമുളളതും അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത പ്രവൃത്തികളും പദ്ധതിയില്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു.

          ഗ്രാമസഭകള്‍ ശുപാര്‍ശ ചെയ്യുന്ന പ്രവൃത്തികളാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന്‍റെ ഭാഗമായുളള ഗ്രാമസഭകള്‍ ഭൂരിഭാഗം പഞ്ചായത്തുകളും പൂര്‍ത്തീകരിച്ചിട്ടുളളതായി പദ്ധതിയുടെ ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ തയ്യാറാക്കുന്ന കരട് ലേബര്‍ ബജറ്റ് പരിശോധിക്കുന്നതിനായി നവംബര്‍ 20 നകം ബ്ലോക്ക് പഞ്ചായത്തുകളില്‍  പ്രോജക്ട് ക്ലിനിക് നടത്തണമെന്നും ജെപിസി പറഞ്ഞു.

(പിഎന്‍പി 3081/17)

date