Skip to main content

ശരണ വഴിയുടെ പാവനത്വം കാത്ത് സൂക്ഷിക്കുന്നതില്‍  കുടുംബശ്രീയുടെ പങ്ക് വലുത് -  ബഹു.ജില്ലാകളക്ടര്‍

ശബരിമലപാതയുടെ പരിശുദ്ധി പരിപാലിക്കുന്നതില്‍ കുടുംബശ്രീയുടെ പങ്ക് പകരം വയ്ക്കാനില്ലാത്തതാണെന്ന് ജില്ലാകളക്ടര്‍ ആര്‍.ഗിരിജ  പറഞ്ഞു. പ്ലാസ്റ്റിക് രഹിത ശബരിമല ക്യാപയിന്‍റെ ജില്ലാതല ഉദ്ഘാടനം ളാഹ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു കളക്ടര്‍. തുടര്‍ച്ചയായ നാലാം വര്‍ഷവും  കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്രഹിത ശബരിമല ക്യാപയിന്‍ നടപ്പിലാക്കുന്നതില്‍ കുടുംബശ്രീ പ്രവര്‍ത്തരകര്‍ പ്രകടിപ്പിക്കുന്ന താല്പര്യ സമൂഹത്തിന് മാതൃകയാണെന്നും പ്രകൃതി സംരക്ഷണം എല്ലാ വിഭാഗം ജനങ്ങളുടെയും പെരുമാറ്റത്തിന്‍റെ ഭാഗമാക്കേണ്ടതാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, വനംവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കുന്നത്.  ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയിലൂടെ തീര്‍ത്ഥാടകരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ എന്നിവ കുടുംബശ്രീ പ്രവര്‍ത്തകര്‍ വാങ്ങുകയും പകരം തുണിസഞ്ചി നല്കുകയും ചെയ്യുന്നു. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ തുണി സഞ്ചി തയ്യാറാക്കുന്നതും ജില്ലയിലെ വിവിധ കുടുംബശ്രീ ബാഗ് യൂണിറ്റുകള്‍ മുഖാന്തിരമാണ്.

ശബരിമല പാതയില്‍ കണമല, ളാഹ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളോട് ചേര്‍ന്നാണ് പ്ലാസ്റ്റിക് ശേഖരിക്കുകയും തുണി സഞ്ചി നല്കുകയും ചെയ്യുന്നത്.  ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളോട് ചേര്‍ന്ന് വനപാലകരുടെ സഹായത്തോടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടാണ് തുണിസഞ്ചി വിതരണം നടത്തുന്നത്. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നുള്ള 20 കുടുംബശ്രീ പ്രവര്‍ത്തകര്‍ വീതം ദിവസവും പ്ലാസ്റ്റിക് രഹിത ശബരിമല ക്യാപയിനിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.

ദിനം പ്രതി 2000 തുണിസഞ്ചികളാണ് തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതെന്നും മുന്‍വര്‍ഷങ്ങളില്‍ ക്യാംപയിനിലൂടെ മികച്ച പ്രതികരണമാണ് തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്നും കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.സാബിര്‍ ഹുസൈന്‍ പറഞ്ഞു. തുണിസഞ്ചി വിതരണത്തോടൊപ്പം 6 ഭാഷയിലുളള പ്ലാസ്റ്റിക് ബോധവത്ക്കരണ സന്ദേശവും തീര്‍ത്ഥാടകരെ കേള്‍പ്പിക്കുന്നു.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, റാന്നി പെരുനാട് സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                    

(പിഎന്‍പി 3084/17)

date