Skip to main content

ചികിത്സ നിഷേധിച്ചാൽ കർശന നടപടി

ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ  നിർദ്ദേശിച്ചു.  സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ഇതു ബാധകമാണ്.
ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.  സംസ്ഥാനത്ത്  കോവിഡ് വ്യാപനത്തിൽ നേരിയ  കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ  സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്.  എ, ബി, സി  കാറ്റഗറി അടിസ്ഥാനമാക്കി  ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ  നിയന്ത്രണങ്ങൾ തുടരും.
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവുംകുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക്  ധന സഹായം നൽകി.  പതിനൊന്ന് ലക്ഷത്തോളം പേർ  നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്.  
ആശുപത്രിയിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്ഥാന കോവിഡ്  വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 433/2022
 

date