Skip to main content

മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്‌നം ഫ്‌ളാറ്റുകള്‍ മാര്‍ച്ച് 25നകം ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കണം

മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ ഫ്‌ളാറ്റുകളില്‍ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം  മാര്‍ച്ച് 25നകം ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവ് നല്‍കി.  പഞ്ചായത്തില്‍ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് ശുചിത്വമിഷന് ലഭ്യമാക്കണം. പത്ത് ശതമാനം ഫ്‌ളാറ്റുകള്‍ തെരഞ്ഞെടുത്ത് ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അല്ലാത്തവരുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും. ഫ്‌ളാറ്റുകള്‍ക്ക് സ്വീവേജ് ട്രീറ്റ്‌മെന്റ്, ഖരമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഉണ്ടെന്നുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റുള്ള ഫ്‌ളാറ്റുകള്‍ക്ക് മാത്രമേ ജില്ലാ രജിസ്‌ട്രേഷന് അംഗീകാരം നല്‍കൂ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഫ്‌ളാറ്റുകളുടെ ഫയലുകള്‍ മാര്‍ച്ച് 23 മുതല്‍ അംഗീകരിക്കുകയില്ലെന്നും യോഗത്തില്‍ തീരുമാനമായി. പുതിയ ഫ്‌ളാറ്റുകള്‍, വീടുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുമ്പോള്‍ കെട്ടിടങ്ങളില്‍ കൃത്യമായി മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ബില്‍ഡിംഗുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടൂള്ളൂ. ഇത് ലംഘിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫ്‌ളാറ്റുകളുടെ ഉടമസ്ഥരില്‍ ഭൂരിഭാഗവും വിദേശത്താണെന്നും, നിലവില്‍ വാടകക്ക് താമസിക്കുന്നവരാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതെന്ന് മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യ സംസ്‌കരണ  സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു മാസത്തെ കാലാവധിയുള്ള  നോട്ടീസ് നല്‍കണമെന്നും, സമയ പരിധിക്കുള്ളില്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാത്തവരെ അവിടെ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യമായ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഒരുക്കണം. ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഫ്‌ളാറ്റുകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് മെയ് 1 മുതല്‍ റദ്ദ് ചെയ്യും. റദ്ദാക്കിയവരുടെ ടാക്‌സുകള്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കില്ലെന്നും ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ ഈ വിഷയങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു.      മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കദീജത്ത് റിസാന, മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ എന്‍ അന്‍സാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ലക്ഷ്മി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍, കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഹക്കിം, ഡിഡിപി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി വി ഭാസ്‌ക്കരന്‍, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് വര്‍ഗ്ഗീസ്, ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എം എ മുദസ്സിര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date