Skip to main content

സംവാദ മത്സര വിജയികളെ അനുമോദിച്ചു

 

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ സംവാദ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിജയികളെ അനുമോദിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എം.പി ഷൈജല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പും നിയമ സേവന അതോറിറ്റിയും സംയുക്തമായി  ജില്ലയിലുടനീളമുള്ള കോളേജുകളില്‍ സ്ത്രീധനത്തിനെതിരായി ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വനിതാശിശു വികസന വകുപ്പ് സംവാദം സംഘടിപ്പിച്ചത്. 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും' എന്ന വിഷയത്തില്‍ കോളേജ്, ജില്ലാ, സംസ്ഥാന തലങ്ങളിലായിരുന്നു മത്സരം. സംസ്ഥാന തലത്തില്‍ ബാലുശ്ശേരിയിലെ കെ.ഇ.ടി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  മികച്ച സംവാദകയായി സി.ആര്‍ അനാമികയെയും തിരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, പെണ്ണകം ഗ്രൂപ്പ് സെക്രട്ടറി ഗിരിജ പാര്‍വ്വതി, മീഡിയ വണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഷിദ ജഗത്, ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ജില്‍സി, ചൈല്‍ഡ് ലൈന്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മുഹമ്മദ് അഫ്സല്‍, അഡ്വ.പി.എ ബിജിത, എം.എസ്.കെ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യ ബിനുരാജ്, മാധ്യമ പ്രവര്‍ത്തക അപര്‍ണ്ണ കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. അനുമോദന ചടങ്ങില്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വനിതാ ക്ഷേമകാര്യ ഓഫീസര്‍ ജോയ്സ് ജോസഫ് സ്വാഗതവും എം.എസ്.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആതിര റോസ് നന്ദിയും പറഞ്ഞു.

date