Skip to main content

ജില്ലാ ആസൂത്രണസമിതി യോഗം: മുഴുവന്‍ പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി

 

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്കു വേണ്ടി സര്‍ക്കാര്‍ ഈ മാസം 10 വരെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കാരശ്ശേരി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചില്ല.

വരാന്‍ പോകുന്ന 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 22ന് ശില്‍പശാല നടത്താനും യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍. മായ, ഡിപിസി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date