Skip to main content

ദേശീയ ഫയര്‍ സര്‍വ്വീസ് ദിനം ആചരിച്ചു

 

തൃശൂര്‍ ജില്ലാ ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഫയര്‍ സര്‍വ്വീസ് ദിനം ആചരിച്ചു. തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ദിനാചരണം സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ അപകടങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കുന്ന ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ വിലയാണ് നല്‍കുന്നതെന്നും നാട്ടിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്‌നത്തിനും ആദ്യം വിളിക്കേണ്ടത് ഫയര്‍ഫോഴ്‌സിനെയാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക്  കൈവന്നുവെന്നും മന്ത്രി പറഞ്ഞു. കൃത്യ നിര്‍വഹണത്തിനിടെ വീര മൃത്യു വരിച്ച അഗ്‌നിശമന ഉദ്യോഗസ്ഥന്‍ പി വിനോദ് കുമാറിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.  

ഏപ്രില്‍ 14 മുതല്‍ 20 വരെയാണ് ഫയര്‍സര്‍വ്വീസ് ദിനം ആചരിക്കുന്നത്. 1944 ഏപ്രില്‍ 14ന് മുംബൈ വിക്ടോറിയ തുറമുഖത്തുണ്ടായ കപ്പല്‍ തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ അഗ്നിശമനാ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മുംബൈ ഫയര്‍ ബ്രിഗേഡിലെ 66 ഫയര്‍മാന്മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന തീപിടുത്തങ്ങള്‍, വാഹനാപകടങ്ങള്‍, കിണര്‍, ക്വാറി അപകടങ്ങള്‍, ടാങ്കര്‍ ദുരന്തങ്ങള്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയെ പ്രതിരോധിക്കാനും സ്വയരക്ഷ നേടാനും ജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള ക്ലാസുകളും ഡെമോണ്‍സ്‌ട്രേഷനും ഫയര്‍ ഡേ വാരാചരണത്തിന്റെ ഭാഗമായി നടത്തി. വെര്‍ട്ടിക്കിള്‍ റോപ്പ് റസ്‌ക്യൂ, ഹൊറിസോണ്ടല്‍ റോപ്പ് റസ്‌ക്യൂ, എക്സ്റ്റിംഗ്വിഷല്‍ ഫയര്‍ ഫൈറ്റിങ്ങ്, വെര്‍ട്ടിക്കല്‍ ഡിസെന്റിംഗ് റോപ്പ്, ഇംപ്രൊവൈസ്ഡ് സ്ട്രക്ചര്‍, ചെയര്‍നോട്ട് റോപ്പ് റെസ്‌ക്യൂ തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങളാണ് അവതരിപ്പിച്ചത്.   ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍,  ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീനേഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബല്‍റാം ബാബു, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date