Skip to main content

കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഉദ്ഘാടനം 23ന് ;സംഘാടക സമിതി രൂപീകരിച്ചു

 

തൃശൂര്‍ സ്‌പോട്‌സ് ഡിവിഷനു കീഴിലുള്ള കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്റെ ഉദ്ഘാടനം 23 ന് രാവിലെ 11 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍   ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. 

രക്ഷാധികാരികളായി  എ സി മൊയ്തീന്‍ എംഎല്‍എ, രമ്യ ഹരിദാസ് എം പി എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍പേഴ്‌സണായി സീതാ രവീന്ദ്രനെയും ജനറല്‍ കണ്‍വീനറായി തൃശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയെയും തീരുമാനിച്ചു.13 അംഗ വൈസ് ചെയര്‍മാന്മാര്‍, അഞ്ചംഗ  കണ്‍വീനര്‍മാര്‍ , 22 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. ചടങ്ങില്‍ മുന്‍ കായികതാരങ്ങളെ ആദരിക്കാനും കായിക പ്രദര്‍ശനമത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു .

യോഗത്തില്‍ എസി മൊയ്തീന്‍ എംഎല്‍എ ,ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ഡിവിഷന്‍ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മെല്‍വിന്‍ ജോസഫ്, കായികാധ്യാപകന്‍ ശ്രീനേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നംകുളം ഗവ. വൊക്കേഷണല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഡിവിഷനില്‍ 43 വിദ്യാര്‍ത്ഥികളാണുള്ളത്. ഏഴാം ക്ലാസില്‍ ഇരുപതും എട്ടാം ക്ലാസില്‍  23 വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്നതാണ് പ്രഥമ ഡിവിഷന്‍. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ, ബോക്‌സിങ് എന്നിവയാണ്  സ്‌പോര്‍ട്‌സ് ഡിവിഷനിലുള്ള കായിക ഇനങ്ങള്‍. കുട്ടികള്‍ക്ക് താത്കാലികമായി താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത് പന്ത്രണ്ട് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സുഭിക്ഷ കേരളം കാന്റീന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

date