Skip to main content

രാജ്യവ്യാപക കേരകര്‍ഷക ബോധവല്‍ക്കരണ  പരിപാടി 26 മുതല്‍ മെയ് 1 വരെ 

 

 

    ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം നടത്തുന്ന അന്നദാതാദേവോ ഭവയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡ് കേര കര്‍ഷകര്‍ക്കായി രാജ്യവ്യാപകമായി ബോധവല്‍ക്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. 'കര്‍ഷക പങ്കാളിത്തം നമ്മുടെ പ്രഥമ പരിഗണന' എന്നതാണ് ഈ പരിപാടിയുടെ സന്ദേശം. 

    ഏപ്രില്‍ 26 മുതല്‍ മെയ് 1 വരെയാണ് പ്രചാരണ പരിപാടി. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിംങ് തോമര്‍ 26 ന് രാവിലെ വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ശാസ്ത്രീയ നാളികേര കൃഷി, നാളികേര സംസ്‌കരണവും മൂല്യവര്‍ധനവും തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലും നാളികേര ഉല്‍പാദക സംഘങ്ങളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികള്‍ നടക്കും. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ഭാരതീയ കാര്‍ഷികഗവേഷണ കൗണ്‍സില്‍, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, സംസ്ഥാന കൃഷി, ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പുകള്‍, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന നാളികേര ഉല്‍പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ത്രിപുര, ഗോവ എന്നിവിടങ്ങളില്‍ ഓരോ സംസ്ഥാനതല പരിപാടികള്‍ 26 ന് നടക്കും. 

    കൂടാതെ നാളികേര മേഖലകളായ കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, അസാം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലായി 80 നാളികേര സെമിനാറുകളാണ് അന്ന് ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടികളില്‍ 20000 കൃഷിക്കാര്‍ പങ്കെടുക്കും. നാളികേരവികസന ബോര്‍ഡിന്റെ കീഴിലുള്ള ഥലി (തമിഴ്നാട്) ഫാമില്‍ മികവിന്റെ കേന്ദ്രംപ്രഖ്യാപനവും, ഹിച്ചാച്ചിറ( ത്രിപുര) ഫാമില്‍ ഓഫീസ് മന്ദിരത്തിന്റെയും കര്‍ഷകപരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനവും നടത്തും. 

    കോയമ്പത്തൂര്‍ ജില്ലയിലെ ഉഡുമല്‍പെട്ടിനടുത്ത്, ഥലിയില്‍ 2014 ഒക്ടോബറില്‍ സ്ഥാപിതമായ വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. ഥലി ഫാമിനെ മികവിന്റെ കേന്ദ്രമാക്കുന്നത് ഏറ്റവും പുതിയ നാളികേര കൃഷി സാങ്കേതിക വിദ്യകള്‍ കൃഷിക്കാര്‍ക്കു കൈമാറുന്നതിനും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് അവരെ സഹായിക്കുന്നതിനുമാണ്. സംസ്ഥാനകൃഷി മന്ത്രി പ്രാണജിത് സിന്‍ഹ റോയ,് ത്രിപുര ഫാമിനോടനുബന്ധിച്ചുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പുതിയ ഓഫീസും പരിശീലന കേന്ദ്രവും പ്രവര്‍ത്തനക്ഷമമാകുന്നതോടു കൂടി രാജ്യം, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖല നാളികേര വികസനത്തില്‍ ഒരു നാഴികകല്ലു കൂടി പിന്നിടും. പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ 28 വരെ വിര്‍ച്വല്‍ പ്രദര്‍ശന വില്‍പന മേളയും നടത്തും. 

    നാളികേരത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യ- ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, നാളികേര കൃഷിയെ കുറിച്ചുള്ള ഏറ്റവുംപുതിയ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന ഈ മേളയില്‍ ആഗോള തലത്തിലുള്ള വ്യാപാരികള്‍, കൃഷിക്കാര്‍,സംരംഭകര്‍, നയരൂപീകരണ വിദഗ്ധര്‍, മറ്റ് ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.

date