Skip to main content
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം

തൃശൂർ  പൂരം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും : മന്ത്രി കെ രാധാകൃഷ്ണൻ

 

തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതെല്ലാം ചെയ്യും. പൂരം ഭംഗിയായി ആഘോഷിക്കാൻ എല്ലാവർക്കും അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂരം നല്ല രീതിയിൽ നടത്തണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം. വകുപ്പുകൾ നടത്തേണ്ട അവസാന വട്ട മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. ജനക്കൂട്ടം കണക്കിലെടുത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ നിയന്ത്രണം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ലോകം തന്നെ ശ്രദ്ധിക്കുന്ന രീതിയിൽ പൂരം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ യോഗത്തിൽ പങ്കെടുത്ത് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട്  ഇതുവരെ തുടർന്ന് പോന്നിരുന്ന ക്രമീകരണങ്ങൾ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനക്കൂട്ടം കണക്കിലെടുത്ത് പൂരത്തിന് മുന്നോടിയായി മോക്ഡ്രില്ല് നടത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി. പൂരം നടത്തിപ്പിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ കലക്ടർ ഹരിത വി കുമാർ  വിശദീകരിച്ചു. പൊലീസ്, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു.

ടി എൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എം എൽ എ, മേയർ എം കെ വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date