Skip to main content

പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിക്ക് 4.01 കോടി രൂപയുടെ ഭരണാനുമതി

 

നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടൂറിസം ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നൽകിയിരുന്നു. പുഴയോരങ്ങളിൽ ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, സൈക്ലിംഗ് പാത, കഫ്‌റ്റേരിയ തുടങ്ങിയവ ഉൾപ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗതയിൽ ആരംഭിക്കുമെന്ന് കെ.വി സുമേഷ് എം എൽ എ പറഞ്ഞു.

കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. സായാഹ്നങ്ങളിൽ കുടുംബസമേതം നിരവധി പേരാണ് ഇവിടെ സന്ദർശിക്കുന്നത്്. എന്നാൽ വേണ്ടത്ര സൗകര്യങ്ങളോ കുട്ടികൾക്കാവശ്യമായ പാർക്കോ വാഹന പാർക്കിങ്ങിനുള്ള സൗകര്യമോ ഇവിടെ ഇല്ല. തുടർന്ന് എം എൽ എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. നാറാത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടാണ് ഈ പദ്ധതി. പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ വാക്ക് വേയും ഇരിപ്പിടങ്ങളും ഒക്കെയായി വലിയൊരു സൗന്ദര്യവത്കരണ പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്.

കണ്ണാടിപ്പറമ്പിനെ കക്കാട്-കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാത സവാരിക്കും കാഴ്ചകൾ കാണാനും നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്

date