Skip to main content

ഖാദി ഉൽപ്പാദന യൂണിറ്റുകൾക്ക് ചർക്കകൾ നൽകി

 

 

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഖാദി ഉൽപ്പാദന യൂനിറ്റുകൾക്ക് ചർക്കകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രത്തിലെ ഒമ്പത് യൂണിറ്റ് ഖാദി ഉൽപ്പാദന യൂനിറ്റുകൾക്കാണ് ബ്ലോക്ക് പഞ്ചായത്ത് ചർക്കകൾ നൽകിയത്.

ഖാദി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. ഖാദി ഉൽപാദന യൂനിറ്റുകളുടെ വികസനത്തിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഖാദി ഉൽപാദന യൂനിറ്റുകളുടെ പശ്ചാത്തല സൗകര്യ വികസനം, സ്ത്രീ തൊഴിലാളികളുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ട് 17 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 2.29 ലക്ഷം രൂപ ചെലവിലാണ് ചർക്കകൾ നൽകിയത്. പദ്ധതിയുടെ തുടർച്ചയായി തറികളും നൽകും.

ഖാദി യൂനിറ്റുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്താനാവാതെ നാശത്തിന്റെ വക്കിലായ ഉൽപ്പാദന യൂനിറ്റുകളെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മഴക്കാലത്തും നൂല് ഉണക്കുന്നതിനുള്ള ഷെഡ് നിർമിക്കാനും പദ്ധതി തയ്യാറായി വരുന്നു. ഇത്തരം യൂനിറ്റുകളുടെ അറ്റകുറ്റപ്പണികൾ, ശുചിത്വം, കുടിവെള്ളം, വൈദ്യുതി എന്നിവയും  നടപ്പാക്കും. ഈ വർഷം നാല് യൂനിറ്റുകൾക്കാണ് കുടിവെള്ള സംവിധാനങ്ങൾ ഒരുക്കിയത്. നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. സ്ത്രീ തൊഴിലാളികളുടെ ശുചിത്വത്തിനായി 7.35 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി മോഹൻ, ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്‌സാണ്ടർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ പി സി മാധവൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനി പി ചാലിൽ തുടങ്ങിയവർ സംസാരിച്ചു

date