Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-04-2022

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ എസ് സി പ്രമോട്ടർമാരെ തെരഞ്ഞെടുക്കാനായി ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ ഏപ്രിൽ മൂന്നിന് നടത്തിയ ഒഎംആർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം ഉദ്യോഗാർഥികൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലെത്തി പരിശോധിക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700596.

 

കഥകളി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം(നാല് വർഷം), ചുട്ടി(മൂന്ന് വർഷം) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതാത് വിഷയങ്ങളിൽ പി ജി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഏഴാം തരം പാസാണ് ഡിപ്ലോമയ്ക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പരിശീലനം, ഭക്ഷണം എന്നിവയൊഴികെ താമസ സൗകര്യം സൗജന്യമാണ്. കഥകളി വേഷം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടാകും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 12 ന് മുമ്പ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം അയകേണ്ടതാണ്. വിലാസം - സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂർ ജില്ല. ഫോൺ:  0480 2822031.

 

ഭരണാനുമതി ലഭിച്ചു

 

കണ്ണൂർ എംഎൽഎയുടെ 2021-22 ലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷനിലെ എ പി കൃഷ്ണൻ വീട്-ചാലക്കുന്ന് ചിൻമയ റോഡ് ടാറിങ് പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

പി എം കിസാൻ പദ്ധതി: ക്യാമ്പയിൻ മെയ് ഒന്ന് വരെ

 

കേന്ദ്ര സർക്കാരിന്റെ പി എം കിസാൻ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കളെയും കിസാൻ ക്രഡിറ്റ് ആനുകൂല്യത്തിന്റെയും ഗുണഭോക്താക്കളാക്കാൻ കേന്ദ്ര കൃഷി മന്ത്രാലയവും കൃഷി വകുപ്പും ബാങ്ക് അധികൃതരും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മെയ് ഒന്നിന് സമാപിക്കും. ജില്ലയിലെ മുഴുവൻ കൃഷിഭവനുകളിലുമാണ് ക്യാമ്പയിൻ നടക്കുന്നത്.

 

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപ്പിലാവ്, കൊട്രാടി, പൊന്നംവയൽ, ഏണ്ടി, ചക്കാലകുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 29 വെള്ളി  രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.

 

ലേലം

കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലെ ക്യാമ്പസിനകത്തുള്ള തേക്ക് ഉൾപ്പെടെയുള്ള വിവിധ മരങ്ങൾ മുറിച്ച് കൊണ്ടുപോകുന്നതിനുള്ള ലേലം മെയ് 10ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂളിൽ നടക്കും.  ഫോൺ: 0497 2835260.

 

റോഡ് സുരക്ഷാ ബോധവത്കരണം: സ്‌കൂളുകൾക്ക് അപേക്ഷിക്കാം

 

റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ യുപി വിഭാഗത്തിലെയും, അതിന് മുകളിലുള്ള വിഭാഗത്തിലെയും ഗവ., എയ്ഡഡ് സ്‌കൂളുകളിൽനിന്ന് കേരള റോഡ് റോഡ് സുരക്ഷാ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകൾക്ക് 50,000 രൂപ വീതം ഒരു വർഷത്തെ ബോധവത്കരണം സംഘടിപ്പിക്കാനായി നൽകും. അപേക്ഷാഫോമിനും വിജ്ഞാപനത്തിനും http://www.roadsafety.kerala.gov.in/ എന്ന വൈബ്‌സൈറ്റ് കാണുക. കേരള റോഡ് സേഫ്റ്റി ഓഫീസിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. 

 

കുട്ടികൾക്കും മുതിർന്നവർക്കും ചിത്രരചന മത്സരം

 

സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചരണാർത്ഥം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മെയ് ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിലാണ് മത്സരം.  10 വയസ്, 10 വയസ്സിന് മുകളിൽ 17 വയസ്സ് വരെ, 17 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.  താൽപര്യമുള്ളവർ ഏപ്രിൽ 30ന് വൈകിട്ട് 5 മണിക്കകം 7907117746, 6282372848 എന്നിവയിലേതെങ്കിലും  നമ്പറിൽ പേര്, വയസ്സ്, വിലാസം എന്നിവ ചേർത്ത് വാട്ട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യണം. മത്സരത്തിന് വരുന്നവർ ചിത്രരചനയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും കൊണ്ടുവരണം.  എ4 പേപ്പറിലാണ് ചിത്രം വരക്കേണ്ടത്.  മത്സരത്തിന് എത്തുമ്പോൾ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ കൊണ്ടുവരണം.

മെയ് മൂന്നിന് രാവിലെ 9.30ന് പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സമ്മാനവിതരണം നടത്തും

date