Skip to main content
എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിലെ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന  ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയുടെയും ഫ്ലോ മീറ്റർ വെരിഫിക്കേഷൻ സംവിധാനത്തിന്റെയും ഉദ്ഘാടനം  ഭക്ഷ്യ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നു.

ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയും ഫ്‌ളോമീറ്ററുകളുടെ കൃത്യതാ പരിശോധന സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു

         ശരീരോഷ്മാവ് കണക്കാക്കുന്ന ക്ലിനിക്കൽ തെർമോമീറ്ററുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള  ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെ വിപണന രംഗത്ത് ഉപയോഗിക്കുന്ന ഫ്‌ളോമീറ്ററുകളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

         ഇന്ത്യയിൽ ആദ്യമായാണ് ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നത്. 

         ലീഗൽ മെട്രോളജി വകുപ്പിലെ ആധുനിക സൗകര്യങ്ങളെല്ലാം ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. എല്ലാ ഉപകരണങ്ങളുടെയും പരിശോധനക്കാവശ്യമായ മുൻകരുതലുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിൽ ഇതുവരെ തെർമോമീറ്ററുകളുടെ പരിശോധന നടത്തുന്നതിനുള്ള സംവിധാനം നിലവിലുണ്ടായിരുന്നില്ല. പുതിയ ലാബ് സ്ഥാപിച്ചതോടെ അതിനുള്ള പരിഹാരമാണു കണ്ടെത്തിയത്. ഇതോടൊപ്പം ആശുപത്രികളിലും അങ്കണവാടികളിലും കുട്ടികളുടെ ഭാരം കണക്കാക്കുന്നതിനു സ്ഥാപിച്ചിട്ടുള്ള വെയിംഗ് മെഷീനുകളുടെ കൃത്യത്യ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും. കുട്ടികളിൽ മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നതിൽ ഭാരം നിർണായക ഘടകമാണ്. ആ ഗൗരവത്തിൽ തന്നെ ഇത്തരം യന്ത്രങ്ങളുടെ പ്രവർത്തനവും ക്ഷമതയും ഉറപ്പാക്കുന്നത് പരിഗണിക്കും. ജീവനക്കാർ കച്ചവട സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നതിനല്ല മറിച്ച് ജനങ്ങൾക്കു സേവനമാകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

        ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ, അഡീഷണൽ കൺട്രോളർ ആർ.റീന ഗോപാൽ, ജോയിന്റ് കൺട്രോളർ ജെ.സി ജീസൺ, നഗരസഭാ കൗൺസിലർ അഡ്വ. ഹസീന ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. 

       ആരോഗ്യമേഖലയില്‍ ചികിത്സാ രംഗത്തുപയോഗിക്കുന്ന തെര്‍മോമീറ്ററുകളുടെ കൃത്യത സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും കൃത്യമായ രോഗനിര്‍ണയം സാധ്യമാക്കുന്നതിനുമാണ്   ക്ലിനിക്കൽ ലബോറട്ടറി. 2022 മാര്‍ച്ചില്‍ ലാബോറട്ടറിയുടെ നിര്‍മാണം പൂര്‍ത്തിയായി. 

      എണ്ണക്കമ്പനികളിലും വിമാനത്താവളങ്ങളിലുമാണു
പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണ രംഗത്ത് അനിവാര്യമായ ഫ്‌ളോമീറ്ററുകള്‍ ഉപയോഗിക്കുന്നത്. മീറ്ററുകളുടെ കാലാകാലങ്ങളിലുള്ള
വെരിഫിക്കേഷനായി നിലവില്‍ ഉപയോഗിച്ച് വരുന്നത് കാലിബ്രേറ്റ് ചെയ്തുവരുന്ന പ്രൂവിംഗ് മെഷറുകളോ, കമ്പനികള്‍ തന്നെ അക്രഡിറ്റഡ് ലാബുകളില്‍ നിന്നും കാലിബ്രേറ്റ് ചെയ്ത് സൂക്ഷിക്കുന്ന മാസ്റ്റര്‍ ഫ്‌ളോ മീറ്ററുകളോ ആണ്. പ്രൂവിംഗ് മെഷറുകള്‍ ഉപയോഗിച്ചുള്ള കൃത്യതാ പരിശോനയ്ക്കു കൂടുതല്‍ സമയം ആവശ്യമാണ്. മീറ്ററുകളുടെ കൃത്യതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുവാനും ഇടയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് വകുപ്പിന് സ്വന്തമായി കൂടുതല്‍ കൃത്യതയുള്ള മാസ്റ്റര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. ഇത്തരമൊരു സംവിധാനം വഴി എണ്ണക്കമ്പനികള്‍ ഉപയോഗിക്കുന്ന ഫ്‌ളോമീറ്റര്‍ കൂടുതല്‍ കൃത്യതയോടെ പരിശോധിച്ച് നല്‍കുന്നതിന് സാധിക്കും. 
 പുതിയ പരിശോധനാ സംവിധാനം കൃത്യമായി ഉപയോഗിക്കുന്നതിന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം എഫ്.സി.ആര്‍.ഐ നല്‍കി. പദ്ധതിയുടെ ഭാഗമായി മൂന്ന് പി. ഡി മീറ്ററുകളും ഒരു മാസ്സ് ഫ്‌ളോ മീറ്ററും വകുപ്പിന് ലഭ്യമായിട്ടുണ്ട്. ഈ മീറ്ററുകള്‍ സംസ്ഥാനത്തെ മൂന്ന് മേഖലകളിലായി വിഭജിച്ച് നല്‍കുന്നതോടെ ഫ്‌ളോമീറ്ററുകളുടെ പരിശോധന കൂടുതല്‍ കൃത്യവും കാര്യക്ഷമവുമായി നടത്തി നല്‍കുവാന്‍ കഴിയും.

date