Skip to main content

'ജാഗ്രത ക്ഷമത' പദ്ധതികള്‍:  പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്

നിയമ ലംഘനം തടയാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ജാഗ്രത, ക്ഷമത' ഉപഭോക്ത്യ ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് പരിശോധനയും നടപടിയും. ജാഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2781 സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പരിശോധ നടത്തി.  ഇതില്‍ 191 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ടാം ഘട്ടത്തില്‍ നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 1100 രൂപ പിഴയും ഈടാക്കി.  അടുത്ത ഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി പറഞ്ഞു. ജില്ലയിലെ 50 പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഏജന്‍സികളിലും 'ക്ഷമത' പദ്ധതിയോടനുബന്ധിച്ചും  ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 12 നോസിലുകളിലെ തകരാര്‍ പരിഹരിച്ചു. അളവു തൂക്ക ഉപകരണങ്ങളില്‍ മുദ്രപതിപ്പിച്ച് നല്‍കുന്നതിന് അദാലത്ത് തുടരുമെന്നും 528 അപേക്ഷകള്‍ അദാലത്തിലേക്ക് ലഭിച്ചതായും ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി പറഞ്ഞു. കോവിഡ് കാരണം സമയബന്ധിതമായി അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്രപതിപ്പിക്കാനാകാത്തവര്‍ക്ക് ഫീസിലും പിഴയിലും അദാലത്തിലൂടെ ഇളവ് നല്‍കും. മെയ് 20 വരെ അദാലത്തിലേക്ക് അപേക്ഷ നല്‍കാം.

date