Skip to main content

തിരൂരങ്ങാടിയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍വ്വകക്ഷി തീരുമാനം

ചെമ്മാട് നഗരത്തില്‍ പ്രവൃത്തി പൂര്‍ത്തിയായ ബസ് സ്റ്റാന്‍ഡ് തുറക്കുന്നതിനു മുന്നോടിയായി നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗ തീരുമാനം. മെയ് ഒന്‍പതിന് പുതിയ ബസ് സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിക്കാനിരിക്കെ ഗതാഗത കുരുക്ക് നിയന്ത്രിക്കാനാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. സിവില്‍ സ്റ്റേഷന്‍  റോഡ് പൂര്‍ണമായും വണ്‍വേയാക്കാനും ക്യാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. താലൂക്ക് ആശുപത്രി ബൈപ്പാസ് റോഡിലെ നിലവിലുള്ള വണ്‍വേ നിലനിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ബൈപ്പാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കാനാണ് നിര്‍ദേശം നല്‍കുക. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ താലൂക്ക് ആശുപത്രി റോഡിലൂടെ കടന്ന്  സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കും. സ്റ്റാന്‍ഡില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും. താലൂക്ക് ആശുപത്രി കാന്റീനിന്  സമീപവും താലൂക്ക് ആശുപത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപവും പോലീസ് സ്റ്റേഷനു സമീപവും ബസ് സ്റ്റോപ്പുകളുണ്ടാകും. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങള്‍  വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തണം. ഗതാഗത നിയന്ത്രണത്തില്‍ ട്രാഫിക് പോലീസിനെ സഹായിക്കാന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ പ്രത്യേക സേവനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. തിരൂരങ്ങാടി  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷനായി.  ജോയിന്റ് ആ.ര്‍.ടി.ഒ സുബൈര്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുഹ്റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, യു.കെ മുസ്തഫ മാസ്റ്റര്‍, കെ.എം മൊയ്തീന്‍കോയ, ഇ.പി ബാവ, എം സുജിനി, വഹീദ ചെമ്പ, വി.പി കുഞ്ഞാമു, കെ.മൊയ്തീന്‍കുട്ടി, യു അഹമ്മദ്കോയ, എം അബ്ദുറഹിമാന്‍കുട്ടി, ശ്രീരാഹ് മോഹനന്‍, കെ. ജലീല്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
 

date