Skip to main content

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

**കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല

ഇന്നും(മെയ് 4)നാളെയും ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും നാളെ മധ്യ - കിഴക്ക്  ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50  കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

മെയ് ഏഴിന് തെക്ക്-കിഴക്ക്, മധ്യ- കിഴക്ക്  ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും മെയ് എട്ടിന് തെക്ക് കിഴക്ക്, മധ്യ-കിഴക്ക്  ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍  55 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

date