Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-05-2022

സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച

വിശപ്പ്് രഹിത കേരളം യാഥാര്‍ഥ്യമാക്കാന്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലും കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂരിലും ആരംഭിക്കുന്ന സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച നടക്കും. രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

റവന്യൂ കലോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും

ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് വ്യാഴാഴ്ച (മെയ് അഞ്ച്) കൊടിയേറും. ഇതിന് മുന്നോടിയായി വിളംബരഘോഷയാത്ര ബുധനാഴ്ച നടന്നു. കേരളത്തിന്റെ സാംസ്‌കാരികത ഓര്‍മ്മിപ്പിക്കുന്ന കലാരൂപങ്ങള്‍ കൊണ്ട് വര്‍ണശഭളമായ ഘോഷയാത്രയില്‍ ജീവനക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അണിനിരന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കലക്ടറേറ്റില്‍ സമാപിച്ചു. എഡിഎം കെ കെ ദിവാകരന്‍, സബ് കലക്ടര്‍ അനുകുമാരി, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേജ് ഇതര മത്സരങ്ങളും കായിക മത്സരങ്ങളുമാണ് വ്യാഴാഴ്ച നടക്കുക. സ്റ്റേജ് മത്സരങ്ങള്‍ മെയ് 12, 13, 14 തീയതികളില്‍ നടക്കും. കലാമത്സരങ്ങള്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ കലക്ടറേറ്റ് ഗ്രൗണ്ടിലുമാണ് നടക്കുക. മെയ് 14നാണ് കലോല്‍സവം സമാപിക്കുന്നത്.

ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം - കുന്നനങ്ങാട് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള255-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് അഞ്ച് വ്യാഴം രാവിലെ എട്ട് മണി മുതല്‍ 12ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കെ ജി ടി ഇ പ്രിന്റിംഗ് ടെക്‌നോളജി; മെയ് 13 വരെ അപേക്ഷിക്കാം

സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ കെ ജി ടി ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് 2022-23 അധ്യയന വര്‍ഷം അപേക്ഷിക്കാവുന്ന തീയതി മെയ് 13വരെ നീട്ടി.  എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.  ഒബിസി/എസ്ഇബിസി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്ടിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സെന്ററുകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591. വെബ്‌സൈറ്റ് : www.captkerala.com.

ദ്വിദിന പഠനക്ലാസ്

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കുമായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സംബന്ധിച്ച് ദ്വിദിന പഠനക്ലാസ് നടത്തി. 2022-23 വാര്‍ഷിക പദ്ധതിയില്‍ എസ് ടി പി പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ്  ഉദ്യോഗസ്ഥര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിയത്. ജില്ലാ ശുചിത്വമിഷനും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. എം സി സി ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രഹ്‌മണ്യം ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയിലെ 80 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്നുളള മുഴുവന്‍ എഞ്ചിനീയര്‍മാരും ഓവര്‍സീയര്‍മാരും ക്ലാസില്‍ പങ്കെടുത്തു. എം സി സിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പ്ലാന്റ് നിര്‍മ്മിച്ച ഏജന്‍സിയിലെ വിദഗ്ധര്‍ ക്ലാസ് നല്‍കുകയും ചെയ്തു.  
ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം രാജീവ് അദ്ധ്യക്ഷനായി. എം സി സി സൂപ്പര്‍ വൈസര്‍ പി സി റീന, എഞ്ചിനീയര്‍ കെ ചന്ദ്രന്‍,  ഗ്രീന്‍ മെത്തേഡ് ഡയറക്ടര്‍ ഡേവിസ് എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ വിദേശ തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യമായി വിദേശത്ത് പോകുന്നവര്‍ മാത്രമേ അപേക്ഷ നല്‍കേണ്ടതുള്ളൂ. ഒരു തവണ മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹത. ഹാജരാക്കേണ്ട രേഖകള്‍. അപേക്ഷ(ഫോണ്‍ നമ്പര്‍ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ(50 വയസ്സില്‍ കവിയരുത്), സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്‌പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, ജോലിയുള്ള വിസയുടെ പകര്‍പ്പ് (ടൂറിസ്റ്റ് വിസ അനവദനീയമല്ല), വിമാന ടിക്കറ്റിന്റെ പകര്‍പ്പ്, വിമാന ടിക്കറ്റിനായി തുക അടച്ചതിന്റെ രശീതി (ലഭ്യമായിട്ടില്ലെങ്കില്‍ അതിനുള്ള കാരണം സഹിതമുള്ള കത്ത്), അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും അടങ്ങിയ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്,  താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും  വിദേശ തൊഴില്‍ ധനസഹായം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, സ്‌പോണ്‍സറുടെ സാക്ഷ്യപത്രം(രണ്ടാം ഗഡു അനുവദിക്കുന്നതിന് വേണ്ടി) എന്നിവ സഹിതം യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ മുഖേനയോ ബന്ധപ്പെടാം. ഫോണ്‍: 04972 700596.

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ഒഴിവുള്ള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   സര്‍ക്കാര്‍ അംഗീകരിച്ച ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവരായിരിക്കണം അപേക്ഷകര്‍.   താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ മെയ് ഒമ്പതിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എംഎസ് ഓഫീസ് കോഴ്‌സുകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവും സീറ്റ് സംവരണവും ലഭിക്കും.  വിശദ വിവരങ്ങള്‍ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സി ഡിറ്റ് കമ്പ്യൂട്ടര്‍ പഠനകേന്ദ്രത്തില്‍ ലഭിക്കും.  ഫോണ്‍: 9947763222.

പരിശീലന ക്ലാസില്‍ പങ്കെടുക്കാം

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 18, 19 തീയതികളില്‍ ആട് വളര്‍ത്തലിലും 25, 26 തീയതികളില്‍ പശു പരിപാലനത്തിലും പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9446471454 എന്ന നമ്പറിലേക്ക് പേരും, മേല്‍വിലാസവും, പരിശീലനത്തിന്റെ പേരും വാട്‌സ് ആപ് സന്ദേശമായി മെയ് 14 ന് മുമ്പ് അയക്കണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04972 763473.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ നമ്പര്‍ ഒന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് വ്യാഴം രാവിലെ എട്ട്  മുതല്‍ ഉച്ചക്ക് 12 മണി വരെയും മണിയറ എല്‍ പി സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കറ, വിമാള്‍, അരിമ്പ്ര, നെല്ലിക്കുന്ന്, ചെമ്പിലേരി, ചുണ്ടക്കുന്ന്, ഇടക്കുളം, ഇടക്കുളം ക്രഷര്‍, മുക്കാടം എന്നിവിടങ്ങളില്‍ മെയ് അഞ്ച് വ്യാഴം വൈദ്യുതി ഭാഗികമായും തോപ്പിലായി  ഭാഗത്ത് ഉച്ചവരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല സോളാര്‍, മായാ ബസാര്‍, ഇല്ലത്ത് വളപ്പ്, തന്നട, ഹാജി മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  മെയ് അഞ്ച് വ്യാഴം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും വോഡാഫോണ്‍ കോട്ടൂര്‍, ആശാരിക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

നൈറ്റ് ഡ്രസ്സിന് ക്വട്ടേഷന്‍

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലോവര്‍, ടീഷര്‍ട്ട് എന്നിവ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  എല്‍ പി/ യു പി/, എച്ച് എസ്/ എച്ച് എസ് എസ് വിഭാഗങ്ങള്‍ക്ക് വെവ്വേറെ ക്വട്ടേഷന്‍ നല്‍കണം. മെയ് ഒമ്പതിന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700357.

 

date