Skip to main content

നിയമസഭാ ലൈബ്രറിയെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വിജ്ഞാന സ്രോതസാക്കും -സ്പീക്കര്‍ എം.ബി. രാജേഷ്

ആലപ്പുഴ: സംസ്ഥാന നിയമസഭാ ലൈബ്രറിയെ എല്ലാവർക്കും ഗുണകരമാകുന്ന വിജ്ഞാന സ്രോതസ്സാക്കി മാറ്റുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് നിയമസഭാ ലൈബ്രറിയുടെ ഡിജിറ്റൈസേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 1,14,500 പുസ്തകങ്ങളുള്ള ഈ ലൈബ്രറിയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങളും സുപ്രധാന ചരിത്ര രേഖകളുടെ അമൂല്യ ശേഖരവും ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്. എട്ടു ലക്ഷം പേജുകളുടെ ഡിജിറ്റൈസേഷന്‍ ജോലികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ശതാബ്ദി ആഘോഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഡിജിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

രാജ്യത്തെ നിയമനിര്‍മാണ സഭകള്‍ക്കാകെ മാതൃയാക്കാവുന്ന പ്രവര്‍ത്തനമാണ് കേരള നിയമസഭയുടേത്. നിയമനിര്‍മാണത്തെ ഏറെ ഗൗരവത്തോടെയാണ് നമ്മുടെ ജനപ്രതിനിധികള്‍ സമീപിക്കുന്നത്. നിമയനിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കാനും അവര്‍ ജാഗ്രത പുലര്‍ത്തുന്നു. ഇതിന് അവരെ പ്രാപ്തരാക്കുന്നതില്‍ നിയമസഭാ ലൈബ്രറിക്ക് വലിയ പങ്കുണ്ട്-അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം. പി, നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ, എം.എൽ.എ.മാരായ ദലീമാ ജോജോ, എം.എസ് അരുൺകുമാർ, യു. പ്രതിഭ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്,  വയലാർ ശരത്ചന്ദ്രവർമ്മ, നിയമസഭാ സെക്രട്ടറി എസ്. വി ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുൻ എം.എൽ.എ.മാരായ പി.എം മാത്യു, പി.ജെ ഫ്രാൻസിസ്, കെ.സി രാജഗോപാലൻ, എ.എ ഷുക്കൂർ എന്നിവരെയും വയലാർ ശരത്ചന്ദ്ര വർമ്മയേയും സ്പീക്കർ ചടങ്ങില്‍ ആദരിച്ചു.

date