Skip to main content

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

 

ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍ 

ആലപ്പുഴ: ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍റെ (കോര്‍സ്) സംസ്ഥാനതല ഉദ്ഘാടനം പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡിജിറ്റല്‍ റീസര്‍വേ ആരംഭിക്കുന്നതിന് മുമ്പ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്  ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേസഭകള്‍ സംഘടിപ്പിക്കും. ജനങ്ങളുമായി ആശയവിനിമയം നടത്തി വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തും.  

റീസര്‍വേയുടെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം ഉടമസ്ഥര്‍ക്ക് വിശദാംശങ്ങള്‍ രേഖയായി കാണുന്നതിന് അവസരമുണ്ടാകും. നാലു വര്‍ഷം കൊണ്ട് റീസര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ എല്ലായിടത്തും ഭൂമിക്ക് കൃത്യമായ രേഖയുണ്ടാകും. ഈ മാസം 31 നകം സംസ്ഥാനത്ത് 28 കോര്‍സ് സ്‌റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.  

കേരളത്തിലെ 1666 വില്ലേജുകളില്‍ 87 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചു. 29 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്നു. ശേഷിക്കുന്ന 1550 വില്ലേജുകളില്‍  നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും-മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, സര്‍വ്വേ- ഭൂരേഖാ ഡയറക്ടര്‍ എസ്. സാംബശിവ റാവു, സര്‍വ്വേ ഓഫ് ഇന്ത്യ കേരള ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടര്‍ പി.വി. രാജശേഖരന്‍, എ.ഡി.എം. എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിതാ സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ്, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

date