Skip to main content

പദ്ധതി നിര്‍വ്വഹണത്തില്‍ രാമനാട്ടുകര നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ആറാം സ്ഥാനവും നേടി

 

 

 

പദ്ധതി നിര്‍വ്വഹണത്തില്‍ രാമനാട്ടുകര നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ആറാം സ്ഥാനവും നേടി. 2021 – 22 വര്‍ഷം അനുവദിച്ചു കിട്ടിയ വികസന ഫണ്ടുകൾ പൂർണമായും ചിലവഴിച്ചാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. ആരോഗ്യമേഖലയ്ക്കും, പാര്‍പ്പിട മേഖലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നഗരസഭയ്ക്കു സാധിച്ചു. 

കോവിഡ് രൂക്ഷമായിരുന്ന കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കല്‍, നഗരസഭയിലെ വിവിധ റോഡുകളുടെ നിർമാണം, ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, കാലിത്തീറ്റ സബ്സിഡി വിതരണം, നെൽകർഷകർക്ക് സബ്സിഡി, ചട്ടിയിൽ പച്ചക്കറി വിത്ത് വിതരണം, പി.എം.എ.വൈ ഭവന പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഉപകരണങ്ങൾ വിതരണം, പട്ടിക ജാതി– വികസന ഫണ്ടിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകൽ, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും നൽകൽ, മാലിന്യ സംസ്‌ക്കരണരംഗത്ത് ഏവര്‍ക്കും മാതൃകയാക്കാവുന്ന രീതിയിൽ എം.ആര്‍.എഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍, ഉറവിട മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ഓരോ വീട്ടിലേക്കും റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവ നൽകൽ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനമാണ് ഭരണസമിതി ഏറ്റെടുത്ത് നടത്തിയത്. 

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ മുതല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വരെയുള്ള എല്ലാവരും ഭരണസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള ഉപഹാരം ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംയുക്തമായി നൽകി. ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, മുൻസിപ്പൽ സെക്രട്ടറി പി.ജെ. ജെസിത, മുൻസിപ്പൽ വൈസ് ചെയർമാൻ കെ. സുരേഷ്കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

date