Skip to main content

റവന്യൂ ജില്ലാ കലോത്സവം; സമാപന സമ്മേളനം മെയ് ഒന്നിന്

 

 

 

റവന്യൂ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം മെയ് ഒന്നിന് വൈകീട്ട് നാലിന് വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിവില്‍ സ്റ്റേഷന്‍ എഞ്ചിനീയേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എം.കെ. രാഘവന്‍ എം.പി, സിനിമാ താരം നിര്‍മ്മല്‍ പാലാഴി എന്നിവര്‍ മുഖ്യാതിഥികളാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. 

ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളിലായി ഭരതനാട്യം, തിരുവാതിര, കർണാടക സം​ഗീതം, കവിതാലാപനം, മാപ്പിളപ്പാട്ട്, പ്രസം​ഗ മത്സരം, മിമക്രി, മോണോ ആക്ട്, ഓട്ടം തുള്ളൽ, നാടോടി നൃത്തം, ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടകം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സിവില്‍ സ്റ്റേഷനിലെ എഞ്ചിനീയേഴ്‌സ് ഹാള്‍, പ്ലാനിംഗ് ഹാള്‍, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നീ വേദികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  മെയ് ഒന്നിന് നടക്കുന്ന സമാപന ചടങ്ങിൽ മത്സരവിജയികൾക്കുള്ള സമ്മാനദാനം നടക്കും. മത്സരവിജയികള്‍ മെയ് അവസാനവാരം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.

ഏപ്രില്‍  22ന് നടന്ന വിളംബര ജാഥയോടുകൂടി ആരംഭിച്ച റവന്യൂ കലോത്സവത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങൾ നടത്തി. ഏപ്രില്‍ 23 ന്  കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍  നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കളക്ടറേറ്റ് ടീം ഒന്നാം സ്ഥാനവും താമരശ്ശേരി താലൂക്ക് ഓഫീസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അന്നേ ദിവസം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തിലും, പഞ്ചഗുസ്തി മത്സരത്തിലും, ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളില്‍ നിന്നുമായി സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏപ്രില്‍ 24 ന് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ കോഴിക്കോട് താലൂക്ക് ഓഫീസ് ടീം ഒന്നാം സ്ഥാനവും, കളക്ടറേറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏപ്രില്‍ 25 ന്  മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍  നടന്ന അത്‌ലറ്റിക്‌സ് മത്സരത്തിലും 27ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും നടന്ന കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും കോഴിക്കോട് ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളില്‍ നിന്നും നിരവധി ജീവനക്കാര്‍ പങ്കെടുത്തു.

date