Skip to main content

കുടിവെള്ള, ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്താം; ഷിഗെല്ലയെ തടയാം

 

 

 

ഭക്ഷണത്തിലൂടെ പകരുന്ന ഷിഗെല്ല രോഗത്തിനെതിരെ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്.  ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന മാരക വയറിളക്ക രോഗങ്ങൾക്ക് ഇത് കാരണമായേക്കും. വേനൽക്കാലമായതിനാൽ കുടിവെള്ളവും ഭക്ഷണവും ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

വയറിളക്കം, ചിലപ്പോൾ രക്തത്തോട് കൂടിയ  മലവിസർജ്ജനം, വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 

രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ , വിളർച്ച, പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. രോഗാണു ശരീരത്തിൽ കയറി ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസംവരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം.വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജ്ജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം.

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം. വയറിളക്കം മൂലം ശരീരത്തിലെ ജലാംശങ്ങളും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാനും രോഗം ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ (ORT) , IV ഫ്ലൂയിഡ്  ചികിത്സ തുടങ്ങിയ സപ്പോർട്ടീവ് മാനേജ്മെന്റുകളിലൂടെ രോഗത്തെ നിയന്ത്രിച്ച് ഭേദമാക്കാം. സാധാരണ ഗതിയിൽ 5-7 ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകും.

രോഗം വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും മല-മൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കണം. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ. കുടിവെള്ള സ്രോതസ്സുകളായ കിണർ, ടാങ്ക് എന്നിവ മലിനമാകാതെ സൂക്ഷിക്കണം. കഴിക്കുന്ന ഭക്ഷണം ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും മലിനവുമായ ഭക്ഷണം യാതൊരു കാരണവശാലും കഴിക്കരുത്. യാത്രകളിലും മറ്റും വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണശാലകളിൽനിന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ. ആചാരങ്ങളിലും ചടങ്ങുകളിലും ഭക്ഷണം ഉണ്ടാക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും സംഘാടകരും പങ്കെടുക്കുന്നവരും ഉറപ്പുവരുത്തണം.

 വ്യക്തിശുചിത്വവും പരിസര ശുചിത്വവും ജീവിതത്തിൽ എപ്പോഴും പാലിക്കാൻ ശ്രദ്ധിക്കണം. തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കണം. അവ വലിച്ചെറിയുന്ന ശീലം പൂർണമായും ഒഴിവാക്കണം. വയറിളക്ക രോഗമുള്ള കുട്ടികളുടെ ഡയപ്പറുകൾ മാറ്റുമ്പോൾ അടപ്പുള്ള ബിന്നിൽ നിക്ഷേപിച്ച ശേഷം സുരക്ഷിതമായി സംസ്കരിക്കണം. ഇത് കൈകാര്യം ചെയ്ത ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. മാലിന്യമുള്ള കുളങ്ങളിലും തടാകങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും കുളിക്കുകയും നീന്തുകയും ചെയ്യരുത്.

date