Skip to main content

ജില്ലാ അഭയ നികേതനത്തില്‍  രാത്രികാല അഭയസങ്കേതം തുറന്നു

തോട്ടടയിലെ ജില്ലാ അഭയ നികേതനത്തില്‍ പുതുതായി നിര്‍മ്മിച്ച പുരുഷന്‍മാര്‍ക്കായുള്ള രാത്രികാല അഭയസങ്കേതം തുറമുഖ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പവിത്രമായ മാതൃപിതൃ ബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെടുന്ന സംഹാരാത്മകമായ വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അനാഥത്വം പിടികൂടിയ വൃദ്ധമനസ്സുകള്‍ക്ക് ആശ്വാസം പകരുന്നത് അത്യുന്നതമായ മനുഷ്യസ്‌നേഹമാണ്. സ്‌നേഹം സ്വമനസ്സാലേ ഒഴുകി വരേണ്ടതാണ്. സാമൂഹ്യ സേവന പദ്ധതികള്‍ സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങളുടെ കൂടി ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. 
അടുക്കള ബ്ലോക്കിന്റെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. അഭയനികേതനത്തിലെ പുതിയ കെട്ടിടത്തില്‍ ആവശ്യമായ ഫര്‍ണിച്ചറുകള്‍ കോര്‍പറേഷന്‍ നല്‍കുമെന്ന് മേയര്‍ അറിയിച്ചു. ജില്ലാ അഭയനികേതനം ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. അഭയനികേതനം സെക്രട്ടറി സി.പി നാരായണന്‍ നമ്പ്യാര്‍, ഹഡ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ജോണ്‍ ജോസഫ് വടാശ്ശേരി, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. ടി.ഒ മോഹനന്‍, കൗണ്‍സിലര്‍മാരായ സുമ ബാലകൃഷ്ണന്‍, എ.പി അജിത, മുന്‍ ചെയര്‍പേഴ്‌സന്‍ എം.സി ശ്രീജ, കോര്‍പറേഷന്‍ സെക്രട്ടറി പി. രാധാകൃഷ്ണന്‍, അഭയനികേതനം ട്രഷറര്‍ സതീശന്‍ ബാവുക്കന്‍ എന്നിവര്‍ സംസാരിച്ചു.
ഹഡ്‌കോയുടെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് രാത്രികാല അഭയസങ്കേതം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കോര്‍പറേഷന്റെ ദേശീയ നഗര ഉപജീവനദൗത്യം പദ്ധതിയിലാണ് അടുക്കള ബ്ലോക്കും ഭക്ഷണശാലയും നിര്‍മിക്കുന്നത്. അഗതികളുടെ പുനരധിവാസത്തിനായി 1960ല്‍ കണ്ണൂര്‍, തലശ്ശേരി നഗരസഭകളുടെ ശ്രമഫലമായാണ് ജില്ലാ അഭയനികേതനം തോട്ടടയില്‍ സ്ഥാപിച്ചത്. 
(പടമുണ്ട്)
പി എന്‍ സി/4363/2017

date