Skip to main content

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയർപേഴ്സൺ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്.
സ്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു വലിയതോതിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. എന്നാൽ പല വികസന സൂചികകളിലും രാജ്യശരാശരിയേക്കാൾ മുൻപന്തിയിലെത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഗർഭസ്ഥശിശു മരണനിരക്കിൽ രാജ്യത്തെ നിരക്ക് 103 (ഒരു ലക്ഷത്തിൽ) ആണ്. എന്നാൽ കേരളത്തിൽ ഇത് 30 മാത്രമേ ഉള്ളൂ. സ്ത്രീകളുടെ ആയൂർദൈർഘ്യം രാജ്യ ശരാശരി 70.7 വർഷമാണ്. എന്നാൽ കേരളത്തിൽ ഇത് 80 വർഷമാണ്. 51 ശതമാനം പെൺകുട്ടികൾ മാത്രമാണു രാജ്യത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. കേരളത്തിൽ ഇത് 83 ശതമാനമാണ്. വനിതാ തൊഴിലാളികളുടെ ദിവസ വേതന ശരാശരി കേരളത്തിൽ 406 രൂപയാണ്. രാജ്യത്തെ ശരാശരി 211 രൂപയാണ്.
സംസ്ഥാനത്ത് ഒരു വനിതാ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിൽനിന്നുള്ള വനിതകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വനിതകളുടെ അവകാശ സംരക്ഷണത്തിലും കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ വലിയ ചരിത്രമുണ്ട്. ചാന്നാർ ലഹള, കല്ലുമാല സമരം, തോൽവിറക് സമരം, മറക്കുട ബഹിഷ്‌കരണം തുടങ്ങിയവ ഉദാഹരണങ്ങളാണ്. നിയമനിർമാണ സഭകളിലും വനിതാ അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയിൽ ഡോ. മേരി പുന്നൻ വനിതാ അംഗമായിരുന്നു. 1930കളിൽ ടി. നാരായണിയമ്മ സഭാംഗമായി. രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയിൽ കേരളത്തിൽനിന്ന് അമ്മു സ്വാമിനാഥൻ, ദാക്ഷായനി വേലായുധൻ, ആനി മസ്‌ക്രീൻ എന്നിവർ അംഗങ്ങളായിരുന്നു. ആദ്യ ലോക്സഭയിലെ 10 വനിതാ അംഗങ്ങളിൽ ഒരാൾ കേരളത്തിൽനിന്നായിരുന്നു. കേരളത്തിന്റെ ആദ്യ മന്ത്രിസഭയിൽ ചരിത്രപരമായ ഭൂരപരിഷ്‌കരണ നിയമം കൊണ്ടുവന്നത് കെ.ആർ. ഗൗരിയമ്മയായിരുന്നു. കുടുംബശ്രീയുടെ രജത ജൂബിലി വർഷത്തിൽത്തന്നെ രാജ്യത്തെ വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനായതിൽ അഭിമാനമുണ്ട്. മൂന്നു ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി കേരളത്തിലെ 45.85 ലക്ഷം വനിതകൾ ഇന്നു കുടുംബശ്രീയിൽ ഉണ്ട്. സംസ്ഥാനത്തെ വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നതാണു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ.
2016നു ശേഷം വനിതകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഇടപെടൽ നടത്താൻ സർക്കാരിനു കഴിഞ്ഞു. വനിതാ ശിശുവികസനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ജൻഡർ ബജറ്റിലൂടെ സംസ്ഥാന ബജറ്റിന്റെ 25 ശതമാനം വനിതകൾക്കായി നീക്കിവയ്ക്കുന്നു. പൊലീസിലും സർക്കാരിന്റെ മറ്റു വകുപ്പുകളിലും വനിതകൾക്കു പ്രത്യേക പ്രാധാന്യം നൽകി. സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസും പിങ്ക് പട്രോളും യാഥാർഥ്യമാക്കി. ലൈംഗിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക രജിസ്ട്രിയുണ്ടാക്കി. ഇതു രാജ്യത്തുതന്നെ ആദ്യമാണ്. ഗാർഹിക ജോലി ചെയ്യുന്ന നിതകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിക്കു രൂപം നൽകാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2175/2022

date