Skip to main content

സാക്ഷരതാമിഷന്‍ പരിസ്ഥിതി സെമിനാര്‍ നാളെ (19)  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 19, 20 തീയതികളില്‍ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കും. സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാപദ്ധതിയുടെ ഭാഗമായാണിത്.  തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  പരിസ്ഥിതി സാക്ഷരതാപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 2000 വാര്‍ഡുകളില്‍ ജലസ്രോതസുകളുടെ വിവരശേഖരണം സാക്ഷരതാമിഷന്‍ നടത്തിയിരുന്നു. ഈ സ്ഥിതിവിവരപഠനത്തിന്റെ റിപ്പോര്‍ട്ട് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമയ്ക്കു നല്‍കി  മുഖ്യമന്ത്രി പ്രകാശനം ചെയ്യും.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും.  നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പങ്കെടുക്കും.  നവകേരള മിഷനും പരിസ്ഥിതി സൗഹൃദവും എന്ന വിഷയത്തില്‍ മുന്‍ ചീഫ്‌സെക്രട്ടറി എസ്.എം.വിജയാനന്ദ് പ്രഭാഷണം നടത്തും.

മണ്ണ്, ജലം, കാലാവസ്ഥാ വ്യതിയാനം, മാലിന്യനിര്‍മ്മാര്‍ജനം, ജൈവവൈവിധ്യങ്ങള്‍, ഹരിതഭവനം എന്നീ മേഖലകളിലെ 24 പ്രബന്ധങ്ങള്‍ രണ്ടു ദിവസങ്ങളിലായി സെമിനാറില്‍ അവതരിപ്പിക്കും. ആദിവാസി മേഖലയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  

20 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപനയോഗം വിഭ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.  പൊതു വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാടൈറ്റസ് അധ്യക്ഷത വഹിക്കും.  

പി.എന്‍.എക്‌സ്.4902/17

date