Skip to main content
കൂവപ്പടി ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം അശമന്നൂര്‍ പഞ്ചയാത്തിലെ കല്ലില്‍ ഗവണ്‍മെന്റ് ഹയര്‍ സെന്‍ഡറി സ്‌കൂളില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

സ്‌കൂളുകളില്‍ പ്രവേശനോത്സവം; ആവേശത്തില്‍ കുരുന്നുകള്‍

 

    രണ്ടു വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍, മുഖത്ത് മാസ്‌ക്കുകള്‍, കേട്ടറിഞ്ഞ സ്‌കൂള്‍ അനുഭവങ്ങളിലേക്ക് എത്തുന്നതിന്റെ കൗതുകവും അമ്പരപ്പും ആവേശവുമായി കുട്ടികള്‍... അധ്യായന വര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആവേശത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. കോവിഡിന്റെ അടച്ചിടല്‍ സൃഷ്ടിച്ച ദീര്‍ഘമായ കാലയളവിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക് എത്തി തുടങ്ങിയത്. അതുകൊണ്ടു തന്നെ പല വിദ്യാര്‍ത്ഥികള്‍ക്കും ഇത് ആദ്യ സ്‌കൂള്‍ ദിനമായി. വര്‍ണത്തൊപ്പികളും മധുരവും പൂക്കളും നല്‍കിയാണ് അധ്യാപകര്‍ ആദ്യ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്.

    കോതമംഗലം ഉപജില്ലാതല പ്രവേശനോത്സവം കോട്ടപ്പടി പാനിപ്ര ഗവ. യു.പി സ്‌കൂളില്‍ നടന്നു. കോവിഡിനെ അതിജീവിച്ച് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കാനെത്തിയ കുട്ടികളെ അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വരവേറ്റു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.  കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിന്‍ മാത്യു,പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോണ്‍, ജിജി സജീവ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.അംബിക, കാര്‍ട്ടൂണിസ്റ്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ബി സജീവ്, സംഘാടക സമിതി ചെയര്‍മാന്‍ സജി മാടവന,  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.പി അബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    മട്ടാഞ്ചേരി ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മട്ടാഞ്ചേരി ജി.എച്ച്.എസ്.എസ്.എസില്‍  കെ.ജെ. മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത സന്ദേശം നല്‍കുന്ന എക്‌സൈസ് വകുപ്പിന്റെ സന്ദേശ കാര്‍ഡുകളുടെ പ്രകാശനവും എം.എല്‍എ. നിര്‍വഹിച്ചു. കാര്‍ട്ടൂണിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ബോണി തോമസ് മുഖ്യാതിഥിയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി മേഖലയിലെ  സന്നദ്ധപ്രവര്‍ത്തകര്‍  കുട്ടികള്‍ക്കായി നല്കിയ പഠനോപകരണങ്ങളുടെ വിതരണം എ.ഇ.ഒ. സുധ നിര്‍വഹിച്ചു.  എക്‌സൈസ് പ്രിവന്റീവ്  ഓഫീസര്‍ കെ.കെ അരുണ്‍, ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പ്രീത കമ്മത്ത്, പ്രധാനാധ്യാപകന്‍ എന്‍.എം മുസക്കോയ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജി അനി ടി. സാം, എല്‍. പി വിഭാഗം പ്രധാനാധ്യാപിക സി.ആര്‍ സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

    അങ്കമാലി ഉപജില്ലാതല പ്രവേശനോത്സവം നീലീശ്വരം ഗവ.എല്‍ പി. സ്‌കൂളില്‍  സംഘടിപ്പിച്ചു.  റോജി.എം. ജോണ്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന്‍ അധ്യക്ഷത വഹിച്ചു. ചെണ്ടമേളവും പാട്ടും, നാടന്‍ കലാരൂപങ്ങളും അണിനിരത്തിയാണ്  അധ്യാപകര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തത്. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും കുട്ടികളുടെ മികവ് പ്രദര്‍ശനവും നടന്നു. ഗ്രീന്‍ പ്രോട്ടോക്കോളനുസരിച്ചുള്ള അലങ്കാരങ്ങളും താളമേളങ്ങളും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

     അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യന്‍,  വികസന കാര്യ ചെയര്‍മാന്‍മാരായ ഷിബു പറമ്പത്ത്, ജോയ് അവുക്കാരന്‍, മിനി സേവ്യര്‍, വാര്‍ഡ് മെമ്പര്‍ വിജി രജി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. ശ്രേഷ്ഠ ഹിന്ദി പ്രചാരക് അവാര്‍ഡ് ജേതാവ് കെ.എന്‍.സുനിലിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ.അയിഷ,ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിനി.കെ.ബി.എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    മൂവാറ്റുപുഴ ഉപജില്ലാതല പ്രവേശനോത്സവം പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.  പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്തെ അടച്ചിരിപ്പിനും വിരസതയ്ക്കും ശേഷം സ്‌കൂളിലേക്ക് തിരികെയെത്തിയ കുരുന്നുകളെ ജനപ്രതിനിധികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ചെണ്ടമേളത്തോടെ ഘോഷയാത്രയായിട്ടാണ് സ്വാഗതം ചെയ്തത്. ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എന്‍. അരുണിനെ ചടങ്ങില്‍  ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ആര്‍.വിജയ, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍  ജീജ വിജയന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ്, ഉല്ലാസ് ചാരുത, പ്രിന്‍സിപ്പല്‍  സന്തോഷ്, ഹെഡ്മിസ്ട്രസ് ഷൈല കുമാരി എന്നിവര്‍ സംസാരിച്ചു.

    വാഴക്കുളം ബ്ലോക്ക്തല പ്രവേശനോത്സവം വാഴക്കുളം ഗവ. എല്‍.പി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ഒ ഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍അസീസ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ് ചീരേക്കാടന്‍, വിജയലക്ഷ്മി, തമ്പി കുര്യാക്കോസ്, കെ.ജി ഗീത, എ.കെ മുരളീധരന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജേഷ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആശ വേണുഗോപാല്‍, ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ് പാത്തുമ്മ ടീച്ചര്‍, എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കെ.എ സല്‍മ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മീന ജേക്കബ്ബ്, പി.ടി.എ പ്രസിഡന്റ് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാഭവന്‍ നവാസ്, കലാഭവന്‍ സജീവ്, വേണു വാര്യത്ത് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. സ്വരലയ ആട്ടകളരി അവതരിപ്പിച്ച നാട്ടരങ്ങും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

    മൂലംപള്ളി സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ട്രീസ മാനുവല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മാനുവല്‍ കുത്തുവാട്ട് അധ്യക്ഷത വഹിച്ചു. അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    എറണാകുളം ഉപജില്ലാതല പ്രവേശനോത്സവം ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.പി ഓമന, സിനിമാ താരം മുത്തുമണി എന്നിവര്‍ മുഖ്യാതിഥികളായി.  

    വടവുകോട് ബ്ലോക്ക് പഞ്ചായത്ത്തല പ്രവേശനോത്സവം   പഴന്തോട്ടം ജി.എച്ച്.എസില്‍ നടന്നു. ഘോഷയാത്രയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടത്തിയ പരിപാടി ജില്ല പഞ്ചായത്ത് അംഗം ഉമാ മഹേശ്വരി ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി എ.ഇ.ഒ സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. രാഖി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് കൗണ്‍സിലര്‍ എ. സത്യപ്രകാശ്, കോലഞ്ചേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഡാല്‍മിയ തങ്കപ്പന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. രജനി, പി.ടി.എ പ്രസിഡന്റ്  സുഭാഷ് ചന്ദ്രന്‍, ജോര്‍ജ്ജ് ഇടപ്പരുത്തി, സ്വര്‍ണ്ണത്ത് നാരായണന്‍ നമ്പൂതിരി, വിജയന്‍ തെക്കേപാറ,  ടി.വൈ മത്തായി എന്‍. സിനി തുടങ്ങിയവര്‍ സംസാരിച്ചു

date